2022-ലെ ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ രണ്ടാം ശ്രേണിയിലെ സ്റ്റാമ്പുകൾ ഖത്തർ പോസ്റ്റ് പുറത്തിറക്കി. 2021 ജൂലൈ 12-ന് ഫിഫ അധികൃതരുടെയും, ഖത്തർ പോസ്റ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയത്.
രണ്ടാം ശ്രേണിയിൽ പെടുന്ന എട്ട് സ്റ്റാമ്പുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഈ സ്റ്റാമ്പുകൾ 2022 ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളുടെ വാസ്‌തുവിദ്യ ഉൾക്കൊണ്ടാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
“ഫിഫ വേൾഡ് കപ്പ് സ്റ്റേഡിയങ്ങൾ ആലേഖനം ചെയ്തിട്ടുള്ള ഈ സ്റ്റാമ്പ് സെറ്റ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഖത്തറിന്റെ പാരമ്പര്യം, ഉജ്ജ്വലമായ സംസ്കാരം എന്നിവയുടെ പ്രചോദനം ഉൾക്കൊണ്ടാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ നടക്കാൻ പോകുന്ന എട്ട് സ്റ്റേഡിയങ്ങൾ ആലേഖനം ചെയ്തിട്ടുള്ള ഈ സ്റ്റാമ്പുകൾ സ്റ്റേഡിയങ്ങളുടെ വാസ്‌തുവിദ്യ വിളിച്ചറിയിക്കുന്നു.”, ഖത്തർ പോസ്റ്റ് ചെയർമാൻ ഫാലിഹ് അൽ നഈമി സ്റ്റാമ്പുകൾ പുറത്തിറക്കികൊണ്ട് അറിയിച്ചു.
ഈ എട്ട് സ്റ്റാമ്പുകൾക്ക് 28 റിയാലാണ് വില. ആദ്യ ഘട്ടത്തിൽ ഈ സ്റ്റാമ്പുകളുടെ 20000 കോപ്പികളാണ് പുറത്തിറക്കുന്നത്. ഇതിന് പുറമെ, രണ്ടാം ശ്രേണിയുമായി ബന്ധപ്പെട്ട് 2000 ഫസ്റ്റ് ഡേ കവറുകൾ, 3000 പോസ്റ്റ് കാർഡുകൾ, 2000 പ്രത്യേക ഫോൾഡറുകൾ എന്നിവയും ഖത്തർ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.
ഖത്തറിൽ വെച്ച് നടക്കുന്ന 2022-ലെ ലോകകപ്പുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സ്റ്റാമ്പുകൾ പുറത്തിറക്കാൻ ഖത്തർ പോസ്റ്റൽ സർവീസസ് കമ്പനിയും ഫിഫയും തമ്മിൽ ഏർപ്പെട്ടിട്ടുള്ള ധാരണപ്രകാരമാണ് ഈ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയത്. ഈ ശ്രേണിയിൽ പെടുന്ന ആദ്യ രണ്ട് സ്റ്റാമ്പുകൾ ഖത്തർ പോസ്റ്റ് 2021 ഏപ്രിൽ 1-ന് പുറത്തിറക്കിയിരുന്നു.
ഈ ധാരണയുടെ ഭാഗമായി 2021 മുതൽ 2022 വരെയുള്ള കാലയളവിൽ ഖത്തർ പോസ്റ്റ് 11 ഫിഫ ലോകകപ്പ് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കുന്നതാണ്. ലോകകപ്പ് ആരംഭിക്കുന്നതിലേക്ക് നയിക്കുന്ന ദിനങ്ങളിലെ വിവിധ പ്രധാന സംഭവങ്ങൾ ഈ സ്റ്റാമ്പുകളിലൂടെ ആഘോഷിക്കുന്നതിനാണ് ഖത്തർ പോസ്റ്റ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഖത്തറിലെ ഫുട്ബോൾ ചരിത്രം സ്റ്റാമ്പുകളിലൂടെ അടയാളപ്പെടുത്തുന്നതിനും അധികൃതർ ലക്ഷ്യമിടുന്നു.