രാജ്യത്തെ സൂര്യാഘാതം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലെ തൊഴിൽ സുരക്ഷ, ആരോഗ്യ സുരക്ഷ എന്നിവയെക്കുറിച്ച് അവബോധം നൽകുന്നതിനായി ഖത്തർ പോസ്റ്റുമായി ചേർന്ന് ഖത്തർ തൊഴിൽ മന്ത്രാലയം പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കി. 2023 മെയ് 9-നാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം തൊഴിലിടങ്ങളിൽ ചൂട് മൂലം ഉണ്ടാകാനിടയുള്ള അപകടങ്ങളെ ഈ സ്റ്റാമ്പുകളിലൂടെ എടുത്ത് കാട്ടുന്നു. ‘തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം: ഒരു അടിസ്ഥാന അവകാശവും, കൂട്ടായ ഉത്തരവാദിത്തവുമാണ്’ എന്ന ആശയം ഉൾക്കൊണ്ടാണ് ഈ സ്റ്റാമ്പുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
തൊഴിലിടങ്ങളിൽ സൂര്യാഘാതം മൂലം ഉണ്ടാകാനിടയുള്ള അപകടങ്ങൾ ചെറുക്കുന്നതിനായി ഖത്തറിൽ നിലവിലുള്ള നിയമങ്ങളെ എടുത്ത് കാട്ടുന്നതിനൊപ്പം, പൊതു അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, കെട്ടിടനിർമ്മാണം തുടങ്ങിയ നിർമ്മാണ മേഖലകളിൽ നടപ്പിലാക്കണ്ട സുരക്ഷാ മാനദണ്ഡനങ്ങളുടെ അതീവ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതിനും മന്ത്രാലയം ഈ സ്റ്റാമ്പുകളിലൂടെ ലക്ഷ്യമിടുന്നു.
ദോഹയിൽ വെച്ച് മെയ് 9-ന് ആരംഭിച്ച ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഒക്യൂപ്പേഷണൽ ഹീറ്റ് സ്ട്രെസ് എന്ന പരിപാടിയുടെ ഭാഗമായാണ് ഈ സ്റ്റാമ്പുകൾ പ്രകാശനം ചെയ്തത്. ഇതിന്റെ ഭാഗമായി നാല് സ്റ്റാമ്പുകളാണ് ഖത്തർ പോസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്.
ഖത്തർ തൊഴിൽ മന്ത്രാലയം, പബ്ലിക് വർക്സ് അതോറിറ്റി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ എന്നീ നാല് സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ഈ സ്റ്റാമ്പുകൾ. 3.50 റിയാൽ മൂല്യമുള്ളതാണ് ഈ ശ്രേണിയിലെ ഓരോ സ്റ്റാമ്പും.
Cover Image: Qatar News Agency.