ഖത്തർ: മുൻ‌കൂർ അനുവാദം നേടുന്ന റെസ്റ്ററാൻറ്റുകൾ തുറക്കാൻ അനുമതി നൽകും

GCC News

ഖത്തറിലെ കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി നിബന്ധനകളോടെ റെസ്റ്ററാൻറ്റുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവാദം നൽകാൻ വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു. ഈ തീരുമാന പ്രകാരം മന്ത്രാലയത്തിൽ നിന്ന് മുൻ‌കൂർ അംഗീകാരം നേടുന്ന റെസ്റ്ററാൻറ്റുകളിൽ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനുള്ള അനുവാദം നൽകും. ജൂലൈ 28, ചൊവ്വാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.

വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ നിന്ന് റെസ്റ്ററാൻറ്റുകകളിൽ ഭക്ഷണം വിളമ്പുന്നതിനുള്ള അനുവാദം നേടുന്നതിനുള്ള നടപടികൾ:

  • ഓരോ റെസ്റ്ററാൻറ്റുകളും https://www.qatarclean.com/ എന്ന വിലാസത്തിലൂടെ ‘ഖത്തർ ക്ലീൻ’ പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • അതിനു ശേഷം റെസ്റ്ററാൻറ്റുകൾക്കായി നൽകിയിട്ടുള്ള പ്രത്യേക അപേക്ഷാ ഫോം പൂരിപ്പിച്ച് restaurants@qatarclean.qa എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
  • ഇത്തരത്തിൽ ലഭിക്കുന്ന ഓരോ അപേക്ഷയും പരിശോധിച്ച്, അധികൃതർ നിഷ്കർഷിക്കുന്ന എല്ലാ സുരക്ഷാ നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന റെസ്റ്ററാൻറ്റുകൾക്ക്, ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനുള്ള അനുവാദം നൽകുന്നതാണ്.
  • ഈ പരിശോധനകളിൽ പരാജയപ്പെടുന്ന റെസ്റ്ററാൻറ്റുകൾക്ക് മുൻ തീരുമാനപ്രകാരമുള്ള പാർസൽ, ടേക്ക്എവേ സേവനങ്ങൾക്ക് മാത്രമാണ് അനുവാദമുണ്ടായിരിക്കുക എന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ഭക്ഷണം വിളമ്പുന്നതിനുള്ള അനുവാദത്തിനായി അപേക്ഷകൾ നൽകുന്ന റെസ്റ്ററാൻറ്റുകളിൽ വാണിജ്യ വ്യവസായ മന്ത്രാലയവും, ആരോഗ്യ മന്ത്രാലയവും സംയുക്തമായുള്ള പരിശോധനകൾ നടത്തുന്നതാണ്.

ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനുള്ള അനുവാദം ലഭിക്കുന്ന റെസ്റ്ററാൻറ്റുകളിൽ താഴെ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കേണ്ടതാണ്.

  • അതിഥികൾക്ക് മുൻകൂർ ബുക്കിങ് ഏർപ്പെടുത്തണം.
  • ഇഹ്തിറാസ്‌ ആപ്പിൽ അതിഥികളുടെ ആരോഗ്യ നില പരിശോധിച്ച ശേഷം മാത്രമേ റെസ്റ്ററാൻറ്റുകളിൽ പ്രവേശനം നൽകാവൂ.
  • ബുഫെ സംവിധാനം അനുവദനീയമല്ല. മുൻകൂട്ടി നിശ്ചയിച്ച മെനു പ്രകാരമുള്ള ഭക്ഷണങ്ങൾ മാത്രമേ വിളമ്പാൻ അനുവാദം നൽകൂ.
  • ശീഷാ സേവനങ്ങൾ പാടില്ല.
  • മാസ്കുകൾ ഉപയോഗിക്കാത്തവർക്ക് പ്രവേശനം നൽകരുത്.
  • ഉപഭോക്താക്കളുടെ ശരീരോഷ്മാവ് പരിശോധിക്കണം.
  • സാനിറ്റൈസറുകൾ നിർബന്ധമാണ്.
  • സമൂഹ അകലം ഓർമ്മപെടുത്തുന്ന അടയാളങ്ങൾ നിർബന്ധമായും പ്രദർശിപ്പിക്കേണ്ടതാണ്.
  • മേശകൾ തമ്മിൽ 2 മീറ്റർ എങ്കിലും അകലം ഉറപ്പാക്കണം.
  • ഓരോ മേശകളിലും 5 പേരിൽ കൂടുതൽ അനുവദിക്കരുത്. കുടുംബങ്ങൾക്ക് ഇതിൽ ഇളവുകൾ നൽകാം.
  • ഓരോ റെസ്റ്ററാൻറ്റുകളുടെയും പരമാവധി ശേഷിയുടെ 50 ശതമാനം ഉപഭോക്താക്കൾക്ക് മാത്രമായി സേവനങ്ങൾ പരിമിതപ്പെടുത്തണം. പാർക്കിംഗ് സേവനങ്ങളും പരമാവധി ശേഷിയുടെ 50 ശതമാനമാക്കേണ്ടതാണ്.
  • പണമിടപാടുകൾ കഴിയുന്നതും ഡിജിറ്റൽ മാർഗത്തിലൂടെ നടത്തേണ്ടതാണ്.
  • പുകവലി അനുവദിക്കരുത്.
  • റെസ്റ്ററാൻറ്റുകൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേണ്ടതാണ്.
  • ജീവനക്കാരുടെ ശരീരോഷമാവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരെ ഉടൻ ഐസൊലേറ്റ് ചെയ്യേണ്ടതാണ്.

ഈ തീരുമാനത്തിൽ ഓരോ ഘട്ടങ്ങളിലെയും സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ മാറ്റങ്ങളോ, കൂട്ടിച്ചേർക്കലുകളോ വരാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.