ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികരിൽ ഏതാനം പേർക്ക് വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം

featured GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരിൽ നിന്ന് ക്രമാനുസൃതമല്ലാതെ തിരഞ്ഞെടുക്കുന്ന ഏതാനം പേർക്ക് വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റ് നടത്തുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം പരിശോധനകൾ സൗജന്യമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ 3-ന് വൈകീട്ടാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. “പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തി, രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരിൽ നിന്ന് ക്രമാനുസൃതമല്ലാതെ തിരഞ്ഞെടുക്കുന്ന ഏതാനം പേരെ വിമാനത്താവളത്തിൽ വെച്ച് COVID-19 പരിശോധനകൾക്ക് വിധേയരാക്കുന്നതാണ്. ഇതിനായി ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രത്യേക മെഡിക്കൽ സംഘങ്ങളെ സജ്ജീകരിച്ചിട്ടുണ്ട്.”, ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഈ പരിശോധനകളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നടപടിക്രമങ്ങളും മന്ത്രാലയം പങ്ക് വെച്ചിട്ടുണ്ട്:

  • രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരിൽ നിന്ന് ആരെ വേണമെങ്കിലും ഇത്തരം പരിശോധനകൾക്കായി അധികൃതർ തിരഞ്ഞെടുക്കാവുന്നതാണ്. ക്രമാനുസൃതമല്ലാതെ ഏതാനം യാത്രികരെയാണ് ഇത്തരത്തിൽ പരിശോധനകൾക്കായി തിരഞ്ഞെടുക്കുന്നത്.
  • മുഴുവൻ യാത്രികർക്കും ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നടത്തിയിട്ടുള്ള COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഇതിന് പുറമെയാണ് ഏതാനം യാത്രികരിൽ വിമാനത്താവളത്തിൽ വെച്ച് പരിശോധന നടത്തുന്നത്.
  • ഇത്തരത്തിൽ പരിശോധനകൾക്കായി തിരഞ്ഞെടുക്കുന്ന യാത്രികർക്ക്, അവർ ടെർമിനലിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകുന്നതാണ്.
  • ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന യാത്രികരിൽ വിമാനത്താവളത്തിലെ പ്രത്യേക മെഡിക്കൽ സംഘം PCR ടെസ്റ്റ് നടത്തുന്നതാണ്.
  • ഈ ടെസ്റ്റ് സൗജന്യമായാണ് നടത്തുന്നത്. ഏതാനം മിനിറ്റുകൾ മാത്രമാണ് ഇത്തരം പരിശോധനകൾക്കായി വേണ്ടിവരുന്നത്.
  • ഈ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം യാത്രികർക്ക് ഖത്തറിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇവരുടെ PCR റിസൾട്ട് ലഭിക്കുന്നത് വരെ ഇവരുടെ ‘Ehteraz’ സ്റ്റാറ്റസ് ഗ്രീൻ ആയി തുടരുന്നതാണ്.
  • ഇവർക്ക് 24 മണിക്കൂറിനിടയിൽ PCR റിസൾട്ട് SMS വഴി ലഭിക്കുന്നതാണ്.
  • ഈ പരിശോധനയിൽ COVID-19 പോസറ്റീവ് ആകുന്നവർ പാലിക്കേണ്ട നടപടിക്രമങ്ങൾ അധികൃതർ നേരിട്ട് അറിയിക്കുന്നതാണ്.