ഖത്തർ: ഒക്ടോബർ 3 മുതൽ പള്ളികളിലെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കും

GCC News

2021 ഒക്ടോബർ 3 മുതൽ രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് അറിയിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിന്റെ ഭാഗമായി ഒക്ടോബർ 3 മുതൽ ഖത്തറിലെ പള്ളികളിൽ താഴെ പറയുന്ന ഇളവുകൾ അനുവദിക്കുന്നതാണ്:

  • ദിനം തോറുമുള്ള അഞ്ച് പ്രാർത്ഥനകൾക്കും, വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കും പള്ളികളിലെത്തുന്നവർക്ക്, പ്രാർത്ഥനാ വേളകളിൽ പള്ളികൾക്കുള്ളിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കും.
  • വെള്ളിയാഴ്ച്ച പ്രഭാഷണത്തിന്റെ സമയത്ത് പള്ളികളിലുള്ള വിശ്വാസികൾ തമ്മിൽ ഒരു മീറ്റർ സാമൂഹിക അകലം ഉറപ്പാക്കണം.
  • തിരക്കേറെയില്ലാത്ത ഇടങ്ങളിലെ പള്ളികളിൽ ശുചിമുറികൾ തുറക്കുന്നതിനു അനുമതി. വിശ്വാസികൾക്ക് ഇത്തരം പള്ളികളിൽ നിന്ന് ശരീരശുദ്ധി വരുത്തുന്നതിന് അനുമതി നൽകും.

സമൂഹത്തിലെ മുഴുവൻ ആളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി Ehteraz ആപ്പിന്റെ ഉപയോഗം, പള്ളികളിലെത്തുന്നവർ സ്വന്തം നിസ്കാര പായ ഉപയോഗിക്കുന്നത്, മാസ്കുകൾ കൃത്യമായി ഉപയോഗിക്കുന്നത് തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള തീരുമാനത്തിന് ക്യാബിനറ്റ് അംഗീകാരം നൽകിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Cover Photo: Rowen Smith on Unsplash