2021 ഓഗസ്റ്റ് 2 മുതൽ ഇന്ത്യ ഉൾപ്പടെ ഏതാനം രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് തിരികെ മടങ്ങുന്നവർക്കും, യാത്രചെയ്യുന്നവർക്കും ബാധകമാക്കിയിട്ടുള്ള യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 30-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ തീരുമാനം 2021 ഓഗസ്റ്റ് 2, തിങ്കളാഴ്ച്ച ഉച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് യാത്രചെയ്യുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിലാണ് മാറ്റം വരുത്തുന്നത്.
2021 ഓഗസ്റ്റ് 2 മുതൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏർപ്പെടുത്തുന്ന നിബന്ധനകൾ:
- ഖത്തറിൽ നിന്ന് COVID-19 വാക്സിൻ സ്വീകരിച്ചവരോ, ഖത്തറിൽ വെച്ച് COVID-19 രോഗബാധിതരായ ശേഷം രോഗമുക്തരായവരോ ആയ യാത്രികർ മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്. രണ്ടാം ദിനം PCR ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഈ ക്വാറന്റീൻ അവസാനിക്കുന്നതാണ്.
- ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന മറ്റുള്ള എല്ലാ യാത്രികർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കുന്നതാണ്.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്കായി ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ് ആരംഭിച്ചതായി ഡിസ്കവർ ഖത്തർ അറിയിച്ചിട്ടുണ്ട്.
ലോകരാജ്യങ്ങളെ COVID-19 സാഹചര്യങ്ങൾക്കനുസരിച്ച് ഗ്രീൻ, യെല്ലോ, റെഡ് എന്നിങ്ങനെ തരാം തിരിച്ചിട്ടുള്ള പട്ടികയിലും ഖത്തർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതുക്കിയ ഈ പട്ടിക താഴെ പറയുന്ന വിലാസങ്ങളിൽ ലഭ്യമാണ്.