ഖത്തർ: COVID-19 പ്രവേശന സുരക്ഷാ മാനദണ്ഡങ്ങളിൽ ഫെബ്രുവരി 28 മുതൽ മാറ്റം വരുത്താൻ തീരുമാനം

GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ 2022 ഫെബ്രുവരി 28 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 24-ന് വൈകീട്ടാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരമുള്ള നിബന്ധനകൾ 2022 ഫെബ്രുവരി 28-ന് വൈകീട്ട് 7 മണിമുതൽ പ്രാബല്യത്തിൽ വരുന്നതാണ്. രാജ്യത്തെ COVID-19 രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം.

ഈ തീരുമാനത്തിന്റെ ഭാഗമായി COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിക്കുന്ന സംവിധാനത്തിൽ 2022 ഫെബ്രുവരി 28 മുതൽ മാറ്റം വരുത്തുന്നതാണ്. 2022 ഫെബ്രുവരി 28 മുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക മാത്രമാണ് ഖത്തർ പ്രഖ്യാപിക്കുന്നത്.

2022 ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രവേശന നിബന്ധനകൾ:

  • റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത/ വാക്സിനേഷൻ പൂർത്തിയാക്കാത്ത പ്രവാസികൾ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നേടിയിട്ടുള്ള PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള പ്രവാസികൾക്ക് ഈ നിബന്ധന ബാധകമല്ല.
  • വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർ ഖത്തറിലെത്തിയ ശേഷം 24 മണിക്കൂറിനുള്ളിൽ ഒരു റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റ് പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നോ, അംഗീകൃത സ്വകാര്യ ക്ലിനിക്കിൽ നിന്നോ ചെയ്യാവുന്നതാണ്.
  • വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികൾ ഉൾപ്പടെയുള്ളവർ ഖത്തറിലെത്തിയ ശേഷം 24 മണിക്കൂറിനുള്ളിൽ ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റ് പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നോ, അംഗീകൃത സ്വകാര്യ ക്ലിനിക്കിൽ നിന്നോ ചെയ്യാവുന്നതാണ്. ഇവർ അഞ്ച് ദിവസം ഹോം ക്വാറന്റീനിൽ തുടരേണ്ടതും, അഞ്ചാം ദിനം ഒരു റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതുമാണ്.
  • റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികൾ ഉൾപ്പടെയുള്ളവർ അഞ്ച് ദിവസം ഹോട്ടൽ ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇവർക്ക് അഞ്ചാം ദിനം ഒരു റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതാണ്.

https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.