ഖത്തർ: ജൂലൈ ഒന്നിന് മുൻപായി പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്കുകൾ നിർദ്ദേശം നൽകി

Qatar

2021 ജൂലൈ 1-ന് മുൻപായി തങ്ങളുടെ കൈവശമുള്ള പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ രാജ്യത്തെ പ്രവാസികളോടും, പൗരന്മാരോടും ഖത്തർ നാഷണൽ ബാങ്ക് (QNB) നിർദ്ദേശിച്ചു. ജൂലൈ 1 വരെ മാത്രമാണ് പഴയ നോട്ടുകൾ ഉപയോഗിക്കാനാകുക എന്നും ബാങ്ക് ജനങ്ങളെ ഓർമ്മപ്പെടുത്തി.

https://twitter.com/QNBGroup/status/1401898742324858882

“ഖത്തർ സെൻട്രൽ ബാങ്കിന്റെ ഉത്തരവ് പ്രകാരം 2021 ജൂലൈ 1 വരെയാണ് പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ അനുമതിയുള്ളത്. ഈ കാലാവധിക്കിടയിൽ പഴയ നോട്ടുകൾ മാറ്റിയെടുക്കേണ്ടതാണ്.”, ഖത്തർ നാഷണൽ ബാങ്ക് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. “ജൂലൈ 1-ന് മുൻപായി ഇത്തരം പഴയ നോട്ടുകൾ മാറ്റിയെടുക്കേണ്ടതാണ്. QNB-യുടെ എടിഎം മെഷീനുകൾ, ബൾക്ക് ഡെപ്പോസിറ്റ് മെഷീനുകൾ മുതലായവയിലും പഴയ നോട്ടുകൾ നിക്ഷേപിക്കാവുന്നതാണ്.”, ബാങ്ക് കൂട്ടിച്ചേർത്തു. ഖത്തറിലെ മറ്റു ബാങ്കുകളും സമാനമായ അറിയിപ്പുകൾ നൽകിയിട്ടുണ്ട്.

2020 ഡിസംബർ 18-നാണ് ഖത്തർ സെൻട്രൽ ബാങ്ക് ഖത്തർ റിയാലിന്റെ അഞ്ചാം ശ്രേണിയിൽപ്പെട്ട പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കിയത്. ഈ ശ്രേണിയിൽപ്പെട്ട 200 റിയാലിന്റെ ബാങ്ക് നോട്ട് ഇത്തരം മൂല്യത്തിൽ ഖത്തറിൽ പുറത്തിറങ്ങുന്ന ആദ്യ കറൻസിയാണ്. പഴയ ബാങ്ക് നോട്ടുകൾ ജൂലൈ 1 വരെ ഉപയോഗിക്കാമെന്ന് 2021 ഫെബ്രുവരിയിൽ ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചിരുന്നു. 2021 ജൂലൈ 1 മുതൽ ഖത്തർ റിയാലിന്റെ നാലാം ശ്രേണിയിൽപ്പെട്ട നോട്ടുകൾ ഉപയോഗിക്കാൻ അനുമതിയുണ്ടായിരിക്കുന്നതല്ലെന്നും ഖത്തർ സെൻട്രൽ ബാങ്ക് അറിയിക്കുകയുണ്ടായി.