ഖത്തർ: ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ

Qatar

കഴിഞ്ഞ ദിവസം ആരംഭിച്ച ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷന്റെ കൂടുതൽ വിവരങ്ങൾ സംബന്ധിച്ച് 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2022 ഒക്ടോബർ 2-ന് വൈകീട്ട് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഫുട്ബാൾ എന്ന കായികമത്സരത്തിന്റെയും, ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെയും ചരിത്രം പറയുന്ന പ്രത്യേക പ്രദർശനമായ ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷൻ ഖത്തർ സാംസ്‌കാരിക വകുപ്പ് മന്ത്രി H.E. ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ താനി 2022 ഒക്ടോബർ 1, ശനിയാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു.

3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ നടക്കുന്ന ഈ എക്സിബിഷൻ 2023 ഏപ്രിൽ 1 വരെ നീണ്ട് നിൽക്കുന്നതാണ്.

സന്ദർശകർക്ക് ഈ പ്രദർശനത്തിൽ നിന്ന് ഫുട്ബാൾ മത്സരങ്ങളുടെ തുടക്കകാലം മുതൽക്കുള്ള ചരിത്രം, വികാസം, ഫിഫ വേൾഡ് കപ്പ് ടൂർണമെന്റിന്റെ ആവിർഭാവം, ലോകകപ്പ് ചരിത്രം എന്നിവ അടുത്തറിയുന്നതിനൊപ്പം, ജനങ്ങളെ ഒരുമിപ്പിക്കുന്നതിൽ ഫുട്ബാളിനുള്ള സ്ഥാനം മനസിലാക്കുന്നതിനും അവസരം ലഭിക്കുന്നു. ആദ്യ ലോകകപ്പ് മുതൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 വരെയുള്ള ഈ ടൂർണമെന്റിന്റെ പരിണാമം ഈ പ്രദർശനത്തിലൂടെ വ്യക്തമാകുന്നതാണ്.

Source: Qatar News Agency.

ഈ പ്രദർശനത്തിലെ ‘ഫുട്ബോൾ ഫോർ ഓൾ, ഓൾ ഫോർ ഫുട്ബാൾ’ എന്ന ഭാഗം ഫുട്ബോൾ എന്ന കായികഇനത്തിനള്ള ആഗോള ജനപ്രീതി സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നു. ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷന്റെ ‘ദി റോഡ് ടു ദോഹ’ എന്ന ഭാഗം സന്ദർശകരെ 1930-ൽ ഉറുഗ്വായിൽ വെച്ച് നടന്ന ആദ്യ ലോകകപ്പ് മുതൽ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് ഈ വർഷത്തെ വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഫൈനൽ നടക്കാനിരിക്കുന്ന 2022 ഡിസംബർ 18 വരെയുള്ള ദിനങ്ങളെ പരിചയപ്പെടുത്തുന്നു.

Source: Qatar News Agency.

ഈ പ്രദർശനത്തിലെ ‘ഹിസ്റ്ററി ഇൻ ദി മേക്കിങ്ങ്’ എന്ന ഭാഗം ലോകകപ്പ് നടക്കുന്ന ദിനങ്ങളിൽ ഉപയോഗിക്കുന്ന പന്തുകൾ, കളിക്കാരുടെ ഷൂസ്, ടിക്കറ്റുകൾ, പോസ്റ്ററുകൾ എന്നിവ ഉൾപ്പെടുത്തി ദിനം തോറും വിപുലീകരിക്കുന്നതാണ്. ഖത്തറിൽ വെച്ച് നടക്കുന്ന 2022 ലോകകപ്പിന്റെ ഒരു സമഗ്രചിത്രം ഇതിലൂടെ സന്ദർശകർക്ക് അറിയാൻ സാധിക്കുന്നതാണ്.

1986-ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ ധരിച്ച ജേഴ്‌സി വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാനപ്പെട്ട ആകർഷങ്ങളിലൊന്നാണ്.

Source: Qatar News Agency.

ഇംഗ്ലണ്ടിനെതിരെ നടന്ന ഈ മത്സരത്തിൽ അദ്ദേഹം 2 ഗോൾ നേടിയിരുന്നു. 2022 മെയ് മാസത്തിൽ നടന്ന ലേലത്തിൽ വിൽക്കപ്പെട്ട ഈ ജേഴ്‌സി ലോകത്തെ ഏറ്റവും വിലപിടിച്ച സ്പോർട്സ് സ്മരണികകളിലൊന്നാണ്.

1930-ൽ ഉറുഗ്വായിൽ വെച്ച് നടന്ന ആദ്യ ലോകകപ്പ് ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം മത്സരങ്ങളിൽ ഉപയോഗിച്ച പന്ത്.
Source: Qatar News Agency.

1930-ൽ നടന്ന ആദ്യ ലോകകപ്പ് ടൂർണമെന്റിൽ ഉപയോഗിച്ച പന്ത്, 1973-ൽ സാന്റോസിന് വേണ്ടി കളിക്കുന്ന അവസരത്തിൽ ഫുട്ബാൾ മാന്ത്രികൻ പെലെ ഉപയോഗിച്ചിരുന്ന ജേഴ്‌സി, ഫുട്ബാൾ മത്സരങ്ങളുടെ നിയമങ്ങൾ ആദ്യമായി എഴുതിച്ചേർത്ത ഗൈഡ്, ലോകപ്രശസ്തരായ ഫുട്ബാൾ കളിക്കാർ ഉപയോഗിച്ചിരുന്ന ജേഴ്‌സികൾ മുതലായവയും ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഖലീഫ സ്റ്റേഡിയത്തിൽ ലോകകപ്പ് മത്സരങ്ങൾ ഇല്ലാത്ത ദിനങ്ങളിലെല്ലാം 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് മ്യൂസിയം ഡയറക്ടർ അബ്ദുല്ല അൽ മുല്ല വ്യക്തമാക്കിയിട്ടുണ്ട്. 2022 ഖത്തർ ലോകകപ്പിലെ എട്ട് മത്സരങ്ങൾ ഖലീഫ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. മ്യൂസിയത്തിലേക്ക് പ്രവേശിക്കുന്നവർക്ക് ഹയ്യ കാർഡ്, പ്രവേശന ടിക്കറ്റ് എന്നിവ ആവശ്യമാണ്. മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇത് ലഭ്യമാണ്.

With inputs from Qatar News Agency.