രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2024 മെയ് 22 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിനാൽ ജാഗ്രത പുലർത്താൻ സൗദി സിവിൽ ഡിഫെൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
2024 മെയ് 18-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിലുടനീളം 2024 മെയ് 18 മുതൽ മെയ് 22 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഈ കാലയളവിൽ മക്ക മേഖലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ഈ പ്രദേശങ്ങളിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്, പെട്ടന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിയൽ, അതിശക്തമായ കാറ്റ്, മണൽക്കാറ്റ് എന്നിവയ്ക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റിയാദ് മേഖലയിലും സമാനമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജസാൻ, അസീർ, അൽ ബാഹ മുതലായ മേഖലകളിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Cover Image: Saudi Press Agency.