എമിറേറ്റിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കഴിഞ്ഞ മാസം ഏർപ്പെടുത്തിയ സുരക്ഷാ നിയമങ്ങളും, നിയന്ത്രണങ്ങളും 2021 ഏപ്രിൽ 8 വരെ തുടരാൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു. റാസ് അൽ ഖൈമ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് വകുപ്പിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ഈ തീരുമാനം.
മാർച്ച് 10-ന് വൈകീട്ടാണ് റാസ് അൽ ഖൈമ പോലീസ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 10-നാണ് എമിറേറ്റിലെ COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമാക്കുന്നതിനായി ഏതാനം നിയന്ത്രണങ്ങൾ അധികൃതർ ഏർപ്പെടുത്തിയത്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഈ നിയമങ്ങൾ ഏപ്രിൽ 8 വരെ തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ഏപ്രിൽ 8 വരെ റാസ് അൽ ഖൈമ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് വകുപ്പിന്റെ തീരുമാന പ്രകാരം താഴെ പറയുന്ന നിയന്ത്രണങ്ങൾ എമിറേറ്റിൽ തുടരുന്നതാണ്:
- പൊതു ബീച്ചുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ പരമാവധി ശേഷിയുടെ 70 ശതമാനം പേർക്ക് മാത്രം പ്രവേശനം.
- ഹോട്ടലുകൾക്ക് കീഴിലുള്ള സ്വകാര്യ ബീച്ചുകൾ, സ്വിമ്മിങ്ങ് പൂളുകൾ എന്നിവയുടെ പ്രവർത്തന ശേഷി 50 ശതമാനമാക്കി പരിമിതപ്പെടുത്തും.
- എമിറേറ്റിലെ ഷോപ്പിംഗ് മാളുകളിൽ പരമാവധി ശേഷിയുടെ 60 ശതമാനം പേർക്ക് പ്രവേശനാനുമതി.
- പൊതു ഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന ശേഷി 50 ശതമാനമാക്കി പരിമിതപ്പെടുത്തും.
- സിനിമാശാലകൾ, വിനോദ കേന്ദ്രങ്ങൾ, ജിം, ഫിറ്റ്നസ് സെന്ററുകൾ എന്നിവയുടെ പ്രവർത്തന ശേഷി 50 ശതമാനമാക്കി പരിമിതപ്പെടുത്തും.
- കുടുംബയോഗങ്ങൾ, വിവാഹം പോലുള്ള സാമൂഹിക ചടങ്ങുകൾ മുതലായവയിൽ പരമാവധി 10 പേർക്ക് പങ്കെടുക്കാം.
- ശവസംസ്കാര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.
- റെസ്റ്ററന്റുകൾ ഉൾപ്പടെയുള്ള ഭക്ഷണശാലകളിൽ മേശകൾ തമ്മിൽ 2 മീറ്റർ അകലം ഉറപ്പാക്കണം. മേശകളിൽ പരമാവധി നാല് പേർക്ക് മാത്രമാണ് ഇരിപ്പിടങ്ങൾ അനുവദിക്കുന്നത്.
- പൊതുജനങ്ങളോട് മാസ്കുകൾ ധരിക്കാനും, 2 മീറ്റർ സമൂഹ അകലം ഉറപ്പാക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.