മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി

featured UAE

മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിലും, ഇത്തരം ലഹരിപദാർത്ഥങ്ങളുടെ വില്പന ഉദ്ദേശിച്ച് കൊണ്ടും വാട്സ്ആപ്പിലൂടെയും മറ്റും ലഭിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങൾ അയക്കുന്ന ഫോൺ നമ്പറുകളെക്കുറിച്ച് അധികൃതരെ അറിയിക്കാനും, ഇത്തരം നമ്പറുകൾ ബ്ലോക്ക് ചെയ്യാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്റർനെറ്റിലൂടെയും, സമൂഹമാധ്യങ്ങളിലൂടെയും മറ്റും മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതി ലഹരി പദാര്‍ത്ഥങ്ങൾക്കെതിരായ പോരാട്ടത്തിൽ അധികൃതർ നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ശബ്ദ സന്ദേശങ്ങളും മറ്റും രാജ്യത്തെ ഫോൺ നമ്പറുകളിലേക്ക് പ്രചരിപ്പിക്കുന്ന രീതി യു എ ഇയിൽ അടുത്തിടെ വ്യാപകമായി കണ്ട് വരുന്നതായി അധികൃതർ കൂട്ടിച്ചേർത്തു.

ഇത്തരം സന്ദേശങ്ങളുടെ ഉറവിടമായ ഫോൺനമ്പറുകൾ, വെബ്സൈറ്റുകൾ, സമൂഹമാധ്യമ അക്കൗണ്ടുകൾ തുടങ്ങിയവ പോലീസ് നിരീക്ഷിച്ച് വരുന്നതായും, ഇതിൽ നിരവധി ഉറവിടങ്ങൾ പോലീസ് ഇതിനകം ബ്ലോക്ക് ചെയ്തതായും, ഇതുമായി ബന്ധപ്പെട്ട് ഏതാനം പേരെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് 0564271119 എന്ന നമ്പറിലൂടെ റാസ് അൽ ഖൈമ പോലീസുമായി പങ്ക് വെക്കാമെന്ന് അധികൃതർ അറിയിച്ചു.