റാസ് അൽ ഖൈമ: ബസ് ശൃംഖല വിപുലീകരിക്കുന്നു; ഓറഞ്ച് റൂട്ട് ആരംഭിച്ചു

UAE

റാസ് അൽ ഖൈമയിലെ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട ബസ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരു പുതിയ ബസ് റൂട്ട് ആരംഭിച്ചു. ഓറഞ്ച് റൂട്ട് എന്ന ഈ പുതിയ ബസ് റൂട്ട് സർവീസ് ആരംഭിച്ചതായി റാസ് അൽ ഖൈമ ട്രാൻസ്‌പോർട് അതോറിറ്റിയാണ് (RAKTA) അറിയിച്ചത്.

2025 ഏപ്രിൽ 21-നാണ് RAKTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. എമിറേറ്റിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ പുതിയ റൂട്ട് സർവീസ് നടത്തുന്നത്.

അൽ നഖീൽ മേഖലയിൽ നിന്ന് സൗത്ത് അൽ ധൈത് പ്രദേശത്തെ പ്രധാന ബസ് സ്റ്റേഷനിലേക്കാണ് ഈ സർവീസ്. ആകെ 13 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ പുതിയ ബസ് റൂട്ട്.

അൽ നഖീൽ, ജുൽഫാർ ടവേഴ്സ്, അൽ സദാഫ് റൌണ്ട്എബൌട്ട്, ഡ്രൈവിംഗ് സ്‌കൂൾ, പോസ്റ്റ് ഓഫീസ്, ക്ലോക്ക് റൌണ്ട്എബൌട്ട്, ഫ്ളമിംഗോ ബീച്ച്, സൗത്ത് അൽ ധൈത് മെയിൻ ബസ് സ്റ്റേഷൻ എന്നിവയാണ് ഈ റൂട്ടിലെ പ്രധാന സ്റ്റോപ്പുകൾ. ഇരുപത്തഞ്ച് മുതൽ മുപ്പത് മിനിറ്റ് വരെയാണ് ഈ റൂട്ടിലെ യാത്രാസമയം.

രാവിലെ 6:30 മുതൽ രാത്രി 8:30 വരെ ദിനം തോറും 20 ട്രിപ്പുകളാണ് ഈ റൂട്ടിൽ ഉള്ളത്. 8 ദിർഹമാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്.

റാസ് അൽ ഖൈമ ട്രാൻസ്‌പോർട് മാസ്റ്റർ പ്ലാൻ 2030-ന്റെ ഭാഗമായുള്ള ഈ സർവീസ് എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നു.