ഒക്ടോബർ 15 മുതൽ റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സാധുതയുള്ള റെസിഡൻസി വിസക്കാരുൾപ്പടെയുള്ള യാത്രികർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് RAK വ്യോമയാന വകുപ്പ് അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക്, യാത്ര ചെയ്യുന്നതിന് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉൾപ്പടെ, യു എ ഇ ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മുൻകൂർ അനുവാദമില്ലാതെ പ്രവേശിക്കാവുന്നതാണ്.
ഇത്തരം യാത്രികർക്ക് റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശേഷം ഒരു തവണ കൂടി PCR ടെസ്റ്റുകൾ നടത്തുന്നതും, രോഗബാധ കണ്ടെത്തുന്നവർക്ക് ക്വാറന്റീൻ ഏർപെടുത്തുന്നതുമാണ്. ഇതിന്റെ ചെലവ് യാത്രികരോ, അവരുടെ തൊഴിലുടമകളോ, സ്പോൺസറോ വഹിക്കേണ്ടതാണ്.
സാധുതയുള്ള ടൂറിസ്റ്റ് വിസകളിലുള്ളവർക്കും റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പ്രവേശിക്കാവുന്നതാണ്. ടൂറിസ്റ്റ് മെഡിക്കൽ ഇൻഷുറൻസ്, ടിക്കറ്റ് റിസർവേഷൻ, 96 മണിക്കൂറിനിടയിൽ നടത്തിയ PCR ടെസ്റ്റ് നെഗറ്റീവ് റിസൾട്ട്, ആരോഗ്യ സ്ഥിതി സംബന്ധിച്ച സത്യവാങ്ങ്മൂലം എന്നിവ ഇത്തരത്തിൽ പ്രവേശിക്കുന്ന സന്ദർശകർക്ക് നിർബന്ധമാണ്.