സൗദി അറേബ്യ: റിയാദിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ പ്രാബല്യത്തിൽ വന്നു

GCC News

റിയാദ് നഗരത്തിലേക്ക് ട്രക്കുകൾ പ്രവേശിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക നിബന്ധനകൾ 2023 ജനുവരി 17 മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി അറിയിച്ചു. 2023 ജനുവരി 17-ന് വൈകീട്ട് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി, മറ്റു അനുബന്ധ വകുപ്പുകൾ എന്നിവരുടെ നേതൃത്വത്തിൽ ഈ നിബന്ധനകൾ നടപ്പിലാക്കാൻ ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ നിശ്ചിതമായതും, മുൻകൂട്ടി നേടിയിട്ടുള്ളതുമായ ഇലക്ട്രോണിക് സമയക്രമങ്ങൾ പ്രകാരം മാത്രമാണ് റിയാദ് നഗരത്തിലേക്ക് ട്രക്കുകൾക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നത്.

നഗരത്തിലെ ട്രക്കുകളുടെ തിരക്ക് കുറയ്ക്കുന്നതിനും, ട്രാഫിക് സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നടപടി. ഇതിനായി ഇലക്ട്രോണിക് റിസർവേഷൻ സംവിധാനത്തിലൂടെ നിശ്ചിതമായതും, പട്ടികപ്രകാരമുള്ളതുമായ മുൻകൂട്ടിയുള്ള സമയക്രമം ലഭിക്കുന്നതിനനുസരിച്ചായിരിക്കും ട്രക്കുകളുടെ നഗരത്തിലേക്കുള്ള പ്രവേശനം. ഈ പദ്ധതിയുടെ ആദ്യ ഘട്ടം നേരത്തെ ജിദ്ദയിൽ നടപ്പിലാക്കിയിട്ടുണ്ട്.

2023 ജനുവരി 17 മുതൽ റിയാദ് നഗരത്തിലേക്ക് ട്രക്കുകൾ പ്രവേശിപ്പിക്കുന്നതിന് പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് സൗദി ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.

Cover Image: Saudi Press Agency.