ഒമാൻ: പിൻവലിക്കുന്ന കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും

Oman

ഒമാനിൽ പിൻവലിക്കുന്ന കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയം ഇന്ന് (2024 ഡിസംബർ 31, ചൊവ്വാഴ്ച) അവസാനിക്കും.

പിൻവലിക്കുന്ന കറൻസി നോട്ടുകൾ 2024 ഡിസംബർ 31-ന് മുൻപായി മാറ്റിയെടുക്കാൻ പൊതുജനങ്ങൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

രാജ്യത്ത് നിലനിന്നിരുന്ന ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതായി 2024 ജനുവരി 7-നാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചത്. പിൻവലിക്കുന്ന കറൻസി നോട്ടുകൾ 2024 ഡിസംബർ 31-ന് അസാധുവാകുമെന്നും, ഇതിന് ശേഷം ഇത്തരം കറൻസി നോട്ടുകൾ ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കുന്നതിന് സാധിക്കുന്നതല്ലെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

ഒമാൻ കറൻസിയുടെ ആറാമത് പതിപ്പിന് മുൻപുള്ള എല്ലാ ബാങ്ക് നോട്ടുകളും ഈ തീരുമാനത്തിന്റെ ഭാഗമായി അസാധുവാകുന്നതാണ്.

പിൻവലിക്കുന്ന നോട്ടുകൾ മാറ്റിയെടുക്കുന്നതിനായി പൊതുജനങ്ങൾക്ക് റൂവി, സൊഹാർ, സലാല എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ശാഖകൾ സന്ദർശിക്കാവുന്നതാണ്. ഇതിന് പുറമെ ഒമാനിൽ പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിന്നും ഇത്തരം നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്.