ഒമാൻ: മവേലയിലെ സെൻട്രൽ മാർക്കറ്റിൽ നിന്നുള്ള ചില്ലറ വ്യാപാരം തുടരുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

featured GCC News

മവേലയിലെ സെൻട്രൽ മാർക്കറ്റിൽ നിന്നുള്ള പഴം, പച്ചക്കറി എന്നിവയുടെ ചില്ലറ വ്യാപാരം 2024 ജൂൺ 28-ന് ശേഷവും തുടരുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. 2024 ജൂൺ 27-നാണ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഖസായിൻ ഇക്കണോമിക് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന പുതിയ മൊത്തവിതരണ ചന്തയായ സിലാൽ മാർക്കറ്റിന്റെ പ്രവർത്തനം ജൂൺ 29 മുതൽ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി മവേലയിലെ സെൻട്രൽ മാർക്കറ്റിൽ നിന്നുള്ള പഴം പച്ചക്കറി എന്നിവയുടെ മൊത്തവിതരണ പ്രവർത്തനങ്ങൾ 2024 ജൂൺ 28-ന് അവസാനിക്കുമെന്നും, മൊത്തവിതരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന പ്രധാന ഷെഡ് അടയ്ക്കുമെന്നും അറിയിച്ച മുനിസിപ്പാലിറ്റി ഈ മാർക്കറ്റിൽ നിന്നുള്ള ചില്ലറവ്യാപാര പ്രവർത്തനങ്ങൾ ജൂൺ 28-ന് ശേഷവും തുടരുമെന്ന് കൂട്ടിച്ചേർത്തു.

പഴം, പച്ചക്കറി ചില്ലറവ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തുന്ന വ്യക്തികൾക്ക് രാവിലെ 6 മണിമുതൽ രാത്രി 10 മണിവരെ (ശനി – വ്യാഴം) ഗേറ്റ് 2-ലൂടെ തങ്ങളുടെ ചെറു വാഹനങ്ങളുമായി മവേലയിലെ സെൻട്രൽ മാർക്കറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.

മവേലയിലെ സെൻട്രൽ മാർക്കറ്റിലെ പഴം പച്ചക്കറി മൊത്തവിതരണ പ്രവർത്തനങ്ങൾ ഖസായിനിലേക്ക് മാറ്റാൻ മസ്കറ്റ് മുനിസിപ്പാലിറ്റിയും, ഖസായിൻ ഇക്കണോമിക് സിറ്റിയും തമ്മിൽ 2021-ൽ ധാരണയിലെത്തിയിരുന്നു.