ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് 2024 സെപ്റ്റംബർ 26, വ്യാഴാഴ്ച തുടക്കമായി. കിംഗ് സൗദ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചാണ് ഇത്തവണത്തെ റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയർ സംഘടിപ്പിക്കുന്നത്.
2024 സെപ്റ്റംബർ 26-ന് ആരംഭിച്ച റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2024 ഒക്ടോബർ 5 വരെ നീണ്ട് നിൽക്കും. സൗദി മിനിസ്ട്രി ഓഫ് കൾച്ചറിന് കീഴിലുള്ള ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസലേഷൻ കമ്മീഷണനാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.
മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം അറബ്, അന്താരാഷ്ട്ര പ്രസാധകർ ഇത്തവണത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. എണ്ണൂറ് പവലിയനുകളാണ് ഇത്തവണത്തെ റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയറിൽ ഒരുങ്ങുന്നത്.
പുസ്തകമേളയുടെ ഭാഗമായി സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന ഇരുനൂറില്പരം പരിപാടികളും അരങ്ങേറുന്നതാണ്. സൗദി അറേബ്യയ്ക്ക് അകത്തും പുറത്തും നിന്നുള്ള അനേകം എഴുത്തുകാർ, ചിന്തകർ, ബുദ്ധിജീവികൾ തുടങ്ങിയവർ മേളയുടെ ഭാഗമാകുന്നതാണ്.
മേഖലയിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദർശനങ്ങളിലൊന്നാണ് റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ. ‘റിയാദ് റീഡ്‌സ്’ എന്ന ആശയത്തിലൂന്നിയാണ് ഈ മേള സംഘടിപ്പിക്കുന്നത്.
ഇത്തവണത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെ പ്രധാന അതിഥി ഖത്തറാണ്. ദിനവും രാവിലെ 11 മണിമുതൽ രാത്രി 12 മണിവരെയാണ് (വെള്ളിയാഴ്ചകളിൽ ഒഴികെ.) പുസ്തകമേളയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിമുതലാണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
Cover Image: Saudi Press Agency.