സൗദി: റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ 1 മുതൽ ആരംഭിക്കും

featured GCC News

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2021 ഒക്ടോബർ 1 മുതൽ ആരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റിയാദ് ഫ്രണ്ടിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ പുസ്തക മേള, മേഖലയിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദർശനങ്ങളിലൊന്നാണ്.

അറബ് രാജ്യങ്ങളിൽ നിന്നും, മറ്റു രാജ്യങ്ങളിൽ നിന്നുമായി നിരവധി പുസ്തക പ്രസാധകർ ഈ മേളയിൽ പങ്കെടുക്കുന്നതാണ്. ഒക്ടോബർ 1-ന് ആരംഭിക്കുന്ന റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ 10 ദിവസം നീണ്ട് നിൽക്കും.

ഈ വർഷത്തെ മേളയിലെ പ്രത്യേക അതിഥികളായി ഇറാഖിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പതിനാറ് സാംസ്‌കാരിക മേഖലകളിൽ നിന്നായി നിരവധി പരിപാടികളാണ് ഈ പുസ്തക മേളയുടെ ഭാഗമായി ഒരുങ്ങുന്നത്. ലിറ്ററേച്ചർ, പബ്ലിഷിംഗ് ആൻഡ് ട്രാൻസലേഷൻ കമ്മീഷനാണ് ഈ പുസ്തക മേള സംഘടിപ്പിക്കുന്നത്.

മേളയിൽ പങ്കെടുക്കുന്ന പുസ്തക പ്രസാധകർക്ക് വാടകയിനത്തിൽ പ്രത്യേക ഇളവുകൾ അനുവദിച്ചതായും, സൗദിയിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്നതിനുള്ള ഷിപ്പിംഗ് ചാർജുകൾ ഒഴിവാക്കിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്. റിയാദ് പുസ്തകമേള രാജ്യത്തെ പ്രസാധക മേഖലയിലെ സുപ്രധാനമായ ഒരു സാംസ്‌കാരിക പരിപാടിയാണെന്ന് സൗദി സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിൻസ് ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അറിയിച്ചു.

സൗദി സര്‍ഗ്ഗവൈഭവത്തെ എടുത്തുകാണിക്കുന്നതിനും, സാംസ്‌കാരിക ഒത്ത്ചേരലുകളെ ഉത്തേജിപ്പിക്കുന്നതിനും, വാണിജ്യ മേഖലയിൽ സഹകരണം ഉറപ്പാക്കുന്നതിനും ഈ മേള വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസാധകമേഖലയിൽ ആഗോളതലത്തിൽ തന്നെ ഒരു സുപ്രധാന പങ്കാളിയാകുന്നതിന് ഈ മേള സൗദി അറേബ്യയെ സഹായിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഗോള തലത്തിൽ തന്നെ പ്രസാധകർക്കിടയിൽ സഹകരണം ഊട്ടിയുറപ്പിക്കുന്നതിനായി പ്രസാധകരുടെ ഒരു അന്താരാഷ്ട്ര കോൺഫെറൻസ് ഈ വർഷത്തെ റിയാദ് പുസ്തകമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഒരു കോൺഫെറൻസ് മേളയിൽ ആദ്യമായാണ് ഉൾപ്പെടുത്തുന്നത്. ഒക്ടോബർ 4, 5 തീയതികളിലാണ് ഈ കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ഇതിനുപുറമെ, സാംസ്‌കാരികവും, സാഹിത്യപരമായതുമായ ചര്‍ച്ചായോഗങ്ങൾ, കവിതാ പാരായണം, സംവാദങ്ങൾ, കലാ പരിപാടികൾ, കല, വായന, എഴുത്ത്, പുസ്തക പ്രസാധനം തുടങ്ങിയ മേഖലകളിലെ വർക്ക്ഷോപ്പുകൾ തുടങ്ങിയ നിരവധി പരിപാടികൾ ഈ മേളയുടെ ഭാഗമാണ്.

Cover Photo: Saudi Press Agency – Riyadh International Book Fair 2019.