ഒമാൻ: 2021 ജനുവരി 1-ന് ശേഷം അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി നീട്ടി നൽകാൻ തീരുമാനം

GCC News

2021 ജനുവരി 1-ന് ശേഷം പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള മുഴുവൻ വിസകളുടെയും കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. ഇത്തരത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ള മുഴുവൻ വിസകളുടെയും കാലാവധി ഈ വർഷം അവസാനം വരെ നീട്ടി നൽകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

2021 ഓഗസ്റ്റ് 26-ന് ചേർന്ന സുപ്രീം കമ്മിറ്റിയുടെ യോഗത്തിനു ശേഷം ROP പോലീസ് ആൻഡ് കസ്റ്റംസ് വിഭാഗം അസിസ്റ്റന്റ് ഐജി മേജർ ജനറൽ അബ്ദുല്ല ബിൻ അലി അൽ ഹാർത്തിയാണ് ഈ തീരുമാനം അറിയിച്ചത്. ഇതിനായി പ്രത്യേക ഫീ ഒന്നും ഈടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

“ഈ വർഷം ആദ്യം മുതൽ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ വിസകളും കാലാവധി ഈ വർഷം അവസാനം വരെ നീട്ടിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഫീ ഇടാക്കുന്നതല്ല. നിലവിൽ ഒമാനിന് പുറത്തുള്ളവർക്ക് റോയൽ ഒമാൻ പോലീസ് വെബ്‌സൈറ്റിൽ നിന്ന് തങ്ങളുടെ വിസ കാലാവധി നീട്ടിയിട്ടുണ്ടെന്ന് പരിശോധിക്കാവുന്നതാണ്.”, അദ്ദേഹം സുപ്രീം കമ്മിറ്റി യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

ഒമാനിന് പുറത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് ROP-യുടെ ഇലക്ട്രോണിക് പോർട്ടലിലൂടെ ഇത്തരം വിസകളുടെ കാലാവധി അധിക സമയത്തേക്ക് നീട്ടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. പുതിയ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് ചുരുങ്ങിയത് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെങ്കിലും എടുത്തിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി ഇതേ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.