ഒമാനിലേക്ക് യാത്രചെയ്യുന്ന വിദേശികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുവാദം നിർബന്ധമാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. ROP-യുടെ ഇ-വിസ സംവിധാനത്തിലൂടെ റെസിഡൻസി പെർമിറ്റുകൾക്കായി അപേക്ഷിച്ചവർക്ക് പെർമിറ്റുകൾ നൽകുന്ന നടപടികൾ ആരംഭിച്ചതായി അറിയിക്കുന്നതിനിടയിലാണ്, റോയൽ ഒമാൻ പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇക്കാര്യം അറിയിച്ചത്.
തൊഴിൽ വിസകളുടെയും മറ്റും അപേക്ഷകൾ ROP-യുടെ ഇ-വിസ വെബ്സൈറ്റിലൂടെ നൽകാവുന്നതാണെന്നും, എന്നാൽ ഇത്തരത്തിൽ വിസ ലഭിക്കുന്നവർക്കും ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സന്ദർശക വിസകൾ അനുവദിക്കുന്നതിന് സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയ വിലക്കുകൾ തുടരുന്നതായാണ് ഒമാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പെർമിറ്റ് ലഭിച്ചിട്ടുള്ള വിദേശികൾക്കാണ് ഒമാനിലേക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളതെന്ന്, ഒക്ടോബർ 1 മുതൽ ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, 2020 ഒക്ടോബർ 1 മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി സെപ്റ്റംബർ 7-നു അറിയിച്ചിരുന്നു.