റമദാൻ: സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ്

GCC News

റമദാനിലെ COVID-19 സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും റോയൽ ഒമാൻ പോലീസ് (ROP) ആഹ്വാനം ചെയ്തു. 2022 ഏപ്രിൽ 6-നാണ് ROP ഇക്കാര്യം അറിയിച്ചത്.

ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റമദാൻ മാസത്തിൽ കൊറോണ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് സുപ്രീം കമ്മിറ്റി നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക പരിശോധനകൾ നടപ്പിലാക്കുമെന്ന് ROP വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ROP കൂട്ടിച്ചേർത്തു. റമദാനിൽ പള്ളികളിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി നടപ്പിലാക്കിയിട്ടുള്ള സുരക്ഷാ നിബന്ധനകൾ കൃത്യമായി പാലിക്കാനും ROP പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ 1099 എന്ന നമ്പറിൽ അധികൃതരെ അറിയിക്കാനും ROP നിർദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്തെ പള്ളികളിലെത്തുന്ന വിശ്വാസികൾ സുപ്രീം കമ്മിറ്റി നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.