വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2024 ഏപ്രിൽ 28-നാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന നിരവധി വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി. അത്യാകർഷകമായ വിലക്കുറവിൽ വാഹനങ്ങൾ വില്പനയ്ക്ക് വെച്ചിട്ടുള്ള രീതിയിലുള്ളതാണ് ഈ പരസ്യങ്ങൾ.
ഇത്തരം തട്ടിപ്പ് പരസ്യങ്ങൾ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും, ബാങ്കിങ് വിവരങ്ങളും തട്ടിയെടുക്കുന്നതിന് ലക്ഷ്യമിട്ടാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ തട്ടിയെടുക്കപ്പെടുന്ന വിവരങ്ങൾ വിവിധ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നതായും പോലിസ് കൂട്ടിച്ചേർത്തു.
ഇത്തരം പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് പോലീസ് ആഹ്വാനം ചെയ്‌തിട്ടുണ്ട്.