ഖത്തറിലെ നാലാം ഘട്ട ഇളവുകൾ സെപ്റ്റംബർ 1 മുതൽ; ഭക്ഷണശാലകൾക്കുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി

Qatar

COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകളുമായി ബന്ധപ്പെട്ട് ഖത്തറിലെ ഭക്ഷണശാലകൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി. രണ്ട് ഭാഗങ്ങളായി നടപ്പിലാക്കുന്ന നാലാം ഘട്ടത്തിലെ ഇളവുകൾ, സെപ്റ്റംബർ 1 മുതൽ ആരംഭിക്കുമെന്ന് ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

‘ക്ലീൻ ഖത്തർ’ അംഗീകാരം നേടിയിട്ടുള്ള ഭക്ഷണശാലകൾക്ക് സാധാരണ രീതിയിലുള്ള പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകും:

നാലാം ഘട്ട ഇളവുകളുടെ ഭാഗമായി, രാജ്യത്ത് ‘ക്ലീൻ ഖത്തർ’ പദ്ധതിയുടെ അംഗീകാരം നേടിയിട്ടുള്ള ഭക്ഷണശാലകൾക്ക് 100 ശതമാനം പ്രവർത്തന ശേഷിയിൽ സേവനങ്ങൾ പുനരാരംഭിക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ അംഗീകാരം ഇല്ലാത്ത ഭക്ഷണശാലകളിൽ പരമാവധി ശേഷിയുടെ 30 ശതമാനം ഉപഭോക്താക്കൾക്ക് മാത്രമാണ് സേവനങ്ങൾ നൽകാൻ അനുവദിച്ചിട്ടുള്ളത്. https://www.qatarclean.com/ എന്ന വിലാസത്തിലൂടെ റെസ്റ്ററന്റ് ഉടമകൾക്ക് ‘ക്ലീൻ ഖത്തർ’ സെർട്ടിഫിക്കറ്റിനായി അപേക്ഷിക്കാവുന്നതാണ്.

നാലാം ഘട്ട ഇളവുകളുമായി ബന്ധപ്പെട്ട് ഖത്തറിലെ ഭക്ഷണശാലകൾക്ക് നൽകിയിട്ടുള്ള മറ്റു സുരക്ഷാ നിർദ്ദേശങ്ങൾ:

  • ഖത്തർ COVID-19 സ്മാർട്ട് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമാണ് ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നത്.
  • ബുഫെ സംവിധാനത്തിലൂടെ ഭക്ഷണം നൽകുന്നതിന് അനുവാദമില്ല.
  • ശീഷ സേവനങ്ങൾ അനുവദനീയമല്ല.
  • മെഡിക്കൽ മാസ്കുകൾ ധരിക്കാത്തവർക്ക് പ്രവേശനം നൽകില്ല.
  • എല്ലാ സന്ദർശകരുടെയും ശരീരോഷ്മാവ് രേഖപെടുത്തുന്നതാണ്.
  • സാനിറ്റൈസറുകളുടെ ലഭ്യത ഉറപ്പാക്കണം.
  • സമൂഹ അകലം ഓർമ്മപ്പെടുത്തുന്ന അടയാളങ്ങൾ പതിക്കേണ്ടതാണ്.
  • മേശകൾ തമ്മിൽ 2 മീറ്റർ എങ്കിലും അകലം ഉറപ്പാക്കണം.
  • ഓരോ മേശകളിലും പരമാവധി അഞ്ച് പേർക്കാണ് അനുവാദം. ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് ഇതിൽ ഇളവ് അനുവദിക്കുന്നതാണ്.
  • പണമിടപാടുകൾക്കായി ഡിജിറ്റൽ രീതികൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
  • പുകവലി അനുവദിക്കുന്നതല്ല.
  • സന്ദർശകരുമായെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ഭക്ഷണശാലകളുടെ പ്രവേശന കവാടത്തിൽ കൂട്ടം ചേരുന്നത് ഒഴിവാക്കണം.
  • തുടർച്ചയായി അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതാണ്.
  • എല്ലാ ജീവനക്കാരുടെയും ശരീരോഷ്മാവ് പരിശോധിച്ച് രേഖപ്പെടുത്തേണ്ടതാണ്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന ജീവനക്കാരെ ഐസൊലേഷനിലേക്ക് മാറ്റേണ്ടതാണ്.

നാലാം ഘട്ട ഇളവുകളുടെ ഒന്നാം ഭാഗം സെപ്റ്റംബർ 1 മുതൽ നടപ്പിലാക്കിയ ശേഷം, രാജ്യത്തെ സാഹചര്യങ്ങൾ സെപ്റ്റംബർ പകുതിവരെ തുടർച്ചയായി വിശകലനം ചെയ്‌ത ശേഷം, സുപ്രീം കമ്മിറ്റി ഇളവുകൾ സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തിയ ശേഷം നാലാം ഘട്ട ഇളവുകളുടെ രണ്ടാം ഭാഗം സെപ്റ്റംബർ മൂന്നാമത്തെ ആഴ്ചയുടെ തുടക്കം മുതൽ നടപ്പിലാക്കുന്നതാണ്.

സെപ്റ്റംബർ 1 മുതൽ ഖത്തറിൽ നടപ്പിലാക്കുന്ന COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകളുമായി ബന്ധപ്പെട്ട് മാളുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവയ്ക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളും വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.