COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവരായ ഗുരുതര രോഗങ്ങളുള്ള വ്യക്തികൾക്ക് രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് സൗദി ആരോഗ്യ മന്ത്രാലയം അനുമതി നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നവർക്ക് Tawakkalna ആപ്പിൽ ‘immune’ സ്റ്റാറ്റസ് ആവശ്യമാണെന്ന നിബന്ധന തുടരുമെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗുരുതര രോഗങ്ങളുള്ള വ്യക്തികളുടെ പ്രവേശനം സംബന്ധിച്ച് മന്ത്രാലയം ഇത്തരം ഒരു ഇളവ് നൽകിയത്.
അടിയന്തിര ചികിത്സ ആവശ്യമായിട്ടുള്ള ഗുരുതരമായ രോഗങ്ങളുള്ളവർ, മുൻകൂട്ടി നിശ്ചയിച്ച ചികിത്സകൾ ഉള്ളവർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെടുന്ന വാക്സിനെടുക്കാത്ത വ്യക്തികൾക്ക് ആവശ്യമായ ചികിത്സ തടസപ്പെടാതിരിക്കാൻ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ ശ്രദ്ധചെലുത്തണമെന്നാണ് മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്.
Cover Image: Pediatric dialysis unit in King Salman Medical City in Madinah. [Source: Saudi Press Agency]