രാജ്യത്തിന്റെ തൊണ്ണൂറ്റിമൂന്നാമത് ദേശീയ ദിനം 2023 സെപ്റ്റംബർ 23, ശനിയാഴ്ച അതിവിപുലമായ ചടങ്ങുകളോടെ സൗദി അറേബ്യയിൽ ആചരിച്ചു. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇതിന്റെ ഭാഗമായി അതിഗംഭീരമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.
സൗദി സായുധസേനാ വിഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. സായുധസേനാ വിഭാഗങ്ങൾ വിവിധ ഇടങ്ങളിൽ വ്യോമ, നാവിക അഭ്യാസപ്രകടനങ്ങൾ നടത്തി.
വിവിധ തരം കപ്പലുകൾ, ബോട്ടുകൾ, ഹെലികോപ്റ്ററുകൾ എന്നിവ പങ്കെടുത്ത പ്രത്യേക പരേഡ് ഏറെ ശ്രദ്ധേയമായി. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സായുധസേനാ വിഭാഗങ്ങൾ ജിദ്ദയിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു.
റോയൽ എയർ ഫോഴ്സിന്റെ ഭാഗമായുള്ള ടൈഫൂൺ, F-15, ടൊർണാഡോ മുതലായ വിവിധ ജെറ്റ് വിമാനങ്ങൾ ഈ അഭ്യാസ പ്രകടനങ്ങളിൽ പങ്കെടുത്തു. ജിദ്ദ, റിയാദ്, ധഹ്‌റാൻ, ദമാം, അൽ ജൗഫ്, ജുബൈൽ, അൽ അഹ്‌സ, തായിഫ്, അൽ ബാഹ, തബൂക്, അബ്ഹ, ഖമീസ് മുശൈത്, അൽഖോബാർ എന്നീ സൗദി നഗരങ്ങളിൽ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈനിക പരേഡുകൾ, കുട്ടികളടക്കം പങ്കെടുത്ത മാർച്ചുകൾ, സംഗീത, നൃത്ത പരിപാടികൾ എന്നിവ അരങ്ങേറി.
Cover Image: Saudi Press Agency.