സൗദി വിസ ലഭിക്കുന്നതിന് ഇന്ത്യക്കാർക്ക് ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഡൽഹിയിലെ സൗദി എംബസി അറിയിച്ചു. 2022 നവംബർ 17-നാണ് ഇന്ത്യയിലെ സൗദി എംബസി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
“ഇന്ത്യയും, സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ, തന്ത്രപ്രധാനമായ പങ്കാളിത്തം എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ഒഴിവാക്കാൻ സൗദി ഭരണാധികാരികൾ തീരുമാനിച്ചിരിക്കുന്നു.”, ഇന്ത്യയിലെ സൗദി എംബസി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.
“സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്നതിനുള്ള വിസ ലഭിക്കുന്നതിന് ഇന്ത്യൻ പൗരന്മാർക്ക് ഇനി മുതൽ PCC ആവശ്യമില്ല. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളും ചേർന്ന് നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമാണ് ഈ തീരുമാനം. സൗദി അറേബ്യയിൽ സമാധാനത്തോടെ താമസിച്ച് കൊണ്ട് രാജ്യത്തിനായി സംഭാവനകൾ നൽകുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാർക്ക് എംബസി അഭിനന്ദനം അറിയിക്കുന്നു.”, സൗദി എംബസി കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് PCC ഒഴിവാക്കിയ തീരുമാനം സൗദിയിലെ ഇന്ത്യൻ സമൂഹത്തിന് ഏറെ പ്രയോജനകരമാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.