ലോക എക്സ്പോ 2030-യുടെ വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് സൗദി അറേബ്യ തുടക്കമിട്ടു. ലോക എക്സ്പോ 2030 റിയാദിൽ വെച്ച് നടത്തുന്നതിന് സൗദി അറേബ്യ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഇതിന്റെ ഭാഗമായി, ലോക എക്സ്പോ സംഘാടകരായ BIE ഡിസംബർ 14-ന് പാരീസിൽ വെച്ച് നടത്തിയ വിർച്യുൽ ജനറൽ അസംബ്ലി മീറ്റിംഗിൽ സൗദി അറേബ്യ ഔദ്യോഗികമായി പങ്കെടുത്തിട്ടുണ്ട്. ലോക എക്സ്പോ വേദി തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം നിശ്‌ചയിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾക്ക് ഇതോടെ തുടക്കമായി.
റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി സി ഇ ഓ ഫഹദ് അൽ റഷീദാണ് BIE ജനറൽ അസംബ്ലി മീറ്റിംഗിൽ പങ്കെടുത്ത് സൗദി അറേബ്യയുടെ സ്ഥാനാര്‍ത്ഥിത്വം അവതരിപ്പിച്ചത്. സൗദി അറേബ്യയ്ക്ക് പുറമെ റഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, ഇറ്റലി, ഉക്രൈൻ എന്നീ രാജ്യങ്ങളും ലോക എക്സ്പോ 2030 വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്.
“മാനവകുലത്തിന്റെ പുരോഗതിക്കായി ആഗോളതലത്തിലെ ഏറ്റവും മികച്ച ആശയങ്ങൾ, ചിന്തകൾ, ചിന്തകർ എന്നിവയെ ഒത്തൊരുമിപ്പിക്കുന്നതിനായാണ് ലോക എക്സ്പോ സംഘടിപ്പിക്കുന്നത്. ലോക എക്സ്പോ മുന്നോട്ട് വെക്കുന്ന ആശയങ്ങൾക്ക് ഏറ്റവും യോജിച്ച വേദിയായിരിക്കും റിയാദ്.”, BIE ജനറൽ അസംബ്ലി മീറ്റിംഗിൽ ഫഹദ് അൽ റഷീദ് വ്യക്തമാക്കി. “സൗദി വിഷൻ 2030-യുടെ പശ്ചാത്തലത്തിൽ നടക്കുന്ന ലോക എക്സ്പോ 2030 ഈ ദർശനത്തിലൂന്നിയുള്ള ഏല്ലാ നേട്ടങ്ങളും എടുത്ത് കാട്ടുന്നതിനുള്ള ഏറ്റവും മികച്ച അവസരമായിരിക്കും.”, അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് അദ്ദേഹം BIE അംഗരാജ്യങ്ങളുടെ പ്രതിനിധികൾക്കായി അതിവിശാലമായ മരുഭൂപ്രദേശങ്ങൾ, അസീർ മേഖലയിലെ പച്ചപ്പാർന്ന മലനിരകൾ, ചെങ്കടല്‍ തീരമേഖല, അവിടുത്തെ അസാധാരണമായ പവിഴപ്പുറ്റുകൾ, അൽ ഉല പ്രദേശത്തെ ചരിത്രപ്രധാനമായ ശേഷിപ്പുകൾ എന്നിവ അടങ്ങിയ സൗദി അറേബ്യയുടെ ശ്രേഷ്ടമായ ജൈവവൈവിദ്ധ്യം എടുത്ത് കാട്ടുന്ന ഒരു വിർച്യുൽ ടൂർ അവതരിപ്പിച്ചു.
Cover Photo: Royal Commission For Riyadh City [@RiyadhDevelop]