രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് സൗദി അറേബ്യയിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിന് ഔദ്യോഗിക അനുമതി നൽകുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയ്ക്ക് കീഴിലുള്ള ട്രാഫിക് വകുപ്പ് ഒരു പ്രത്യേക ഇ-സേവനം ആരംഭിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷേർ സംവിധാനത്തിൽ നിന്ന് ഇലക്ട്രോണിക് രൂപത്തിൽ ഈ സേവനം ലഭ്യമാണ്. കാർ റെന്റൽ കമ്പനികൾക്ക് ഈ സേവനം ഉപയോഗിച്ച് കൊണ്ട് ഓൺലൈനിലൂടെ സന്ദർശകർക്കായി സൗദിയിൽ വാഹനം ഓടിക്കുന്നതിനുള്ള അനുമതി നേടാൻ സാധിക്കുന്നതാണ്.
നവംബർ 14-ന് അബ്ഷേർ സംവിധാനത്തിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ള അഞ്ച് പുതിയ സേവനങ്ങളിൽ ഈ സേവനവും ഉൾപ്പെടുന്നു. ഇതോടെ സൗദിയിലെത്തുന്ന സന്ദർശകർക്ക് എളുപ്പത്തിൽ വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് ഓടിക്കാൻ സാധിക്കുന്നതാണ്.