അറബിക് കോഫിയുടെ വാണിജ്യ നാമം ‘സൗദി കോഫീ’ എന്ന് മാറ്റാൻ തീരുമാനം

Saudi Arabia

രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ, വ്യാപാരശാലകൾ തുടങ്ങിയ ഇടങ്ങളിൽ അറബിക് കാപ്പിയുടെ വാണിജ്യനാമം ‘സൗദി കോഫീ’ എന്ന രീതിയിലേക്ക് മാറ്റാൻ ഔദ്യോഗികമായി തീരുമാനിച്ചതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദി വാണിജ്യ മന്ത്രാലയത്തിന്റെ വക്താവ് അബ്ദുൽറഹ്മാൻ അൽ ഹുസൈനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സൗദി സാംസ്കാരിക മന്ത്രാലയവുമായി ചേർന്നാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഈ നടപടിയിലൂടെ സൗദി അറേബ്യയുടെ സംസ്കാരം, സത്വം എന്നിവ ശക്തിപ്പെടുത്തുന്നതിന് മന്ത്രാലയം ലക്ഷ്യമിടുന്നു.

സൗദി പ്രാദേശിക കാപ്പിയുടെ ആധികാരിക രുചി ആഘോഷിക്കുന്നതിനായി 2022 വർഷം ‘ഇയർ ഓഫ് സൗദി കോഫീ’ എന്ന രീതിയിൽ ആചരിക്കാനുള്ള സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ തുടർനടപടിയായാണ് അറബിക് കാപ്പി പുനർനാമകരണം ചെയ്യാനുള്ള ഈ തീരുമാനം.

‘ഇയർ ഓഫ് സൗദി കോഫീ’ എന്ന പദ്ധതിയുടെ ലോഗോ, വെബ്സൈറ്റ് എന്നിവ സൗദി സാംസ്കാരിക മന്ത്രാലയം 2021 ഡിസംബർ 31-ന് പ്രകാശനം ചെയ്തിരുന്നു. സൗദി ആതിഥ്യമര്യാദയുടെയും, ഉദാരതയുടെയും അടയാളമായി കണക്കാക്കുന്ന ‘ഫിൻജൽ’ എന്ന ചെറു കാപ്പിക്കപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഇയർ ഓഫ് സൗദി കോഫീ’ പദ്ധതിയുടെ ലോഗോ തയ്യാറാക്കിയിരിക്കുന്നത്.

‘ഇയർ ഓഫ് സൗദി കോഫീ’ എന്ന പദ്ധതിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയനിൽ 2022 ജനുവരി 14-ന് പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു.