സൗദി അറേബ്യ: എക്സിറ്റ് റീ-എൻട്രി വിസ സാധുത സംബന്ധിച്ച അറിയിപ്പ്

featured GCC News

രാജ്യത്ത് നിന്ന് എക്സിറ്റ്/ റീ-എൻട്രി വിസകളിൽ മടങ്ങിയിട്ടുള്ള പ്രവാസികൾക്ക് അവരുടെ വിസ സാധുത അവസാനിക്കുന്ന അവസാന തീയതി വരെ സൗദി അറേബ്യയിലേക്ക് മടങ്ങിവരുന്നതിന് അനുമതിയുണ്ടെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് അധികൃതരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എക്സിറ്റ്/ റീ-എൻട്രി വിസകളിൽ മടങ്ങിയിട്ടുള്ള പ്രവാസികൾക്ക് അവർ സൗദി അറേബ്യയ്ക്ക് പുറത്ത് തുടരുന്ന കാലയളവിൽ അവരുടെ വിസ കാലാവധി ഇലക്ട്രോണിക് മാർഗത്തിലൂടെ നീട്ടാൻ അവസരമുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രവാസികൾക്ക് അബ്ഷെർ അല്ലെങ്കിൽ മുഖീം പോർട്ടലുകളിൽ നിശ്ചിത ഫീസ് അടച്ച് കൊണ്ട് വിസ കാലാവധി നീട്ടാവുന്നതാണ്.

എക്സിറ്റ്/ റീ-എൻട്രി വിസ അനുവദിക്കുന്നതിന് പ്രവാസികളുടെ പാസ്സ്പോർട്ടിന് ചുരുങ്ങിയത് 90 ദിവസത്തെ സാധുത ബാക്കിയുണ്ടായിരിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുന്നതിന് ചുരുങ്ങിയത് 60 ദിവസത്തെ പാസ്സ്‌പോർട്ട് സാധുത ബാക്കിയുണ്ടായിരിക്കണം.

എക്സിറ്റ്/ റീ-എൻട്രി വിസകളിൽ മടങ്ങിയിട്ടുള്ള പ്രവാസികൾക്ക് അവർ സൗദി അറേബ്യയ്ക്ക് പുറത്ത് തുടരുന്ന കാലയളവിൽ ഫൈനൽ എക്സിറ്റ് വിസയിലേക്ക് മാറുന്നതിന് സാധ്യമല്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *