സൗദി അറേബ്യ: വാണിജ്യ രജിസ്‌ട്രേഷൻ നടപടികളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ അവതരിപ്പിച്ചു

GCC News

കൊമേർഷ്യൽ രജിസ്‌ട്രേഷൻ, ട്രേഡ് നെയിം എന്നിവയുമായി ബന്ധപ്പെട്ട് സൗദി അറേബ്യ പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.

സെപ്റ്റംബർ 17-ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ റിയാദിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ പുതിയ നിയമങ്ങൾ പാസാക്കിയത്. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യയിലെ വാണിജ്യ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതാണ് ഈ പുതിയ നിയമങ്ങൾ. ഇതോടെ കൊമേർഷ്യൽ രജിസ്‌ട്രേഷൻ, ട്രേഡ് നെയിം മാനദണ്ഡങ്ങൾ, നടപടിക്രമങ്ങൾ എന്നിവ ഒരു ഏകീകൃത ദേശീയ രജിസ്‌ട്രേഷൻ സംവിധാനത്തിന് കീഴിൽ വരുന്നതാണ്.

ഇതിന്റെ ഭാഗമായി സൗദി അറേബ്യയിൽ വാണിജ്യ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ഈ സംവിധാനത്തിലൂടെ ഒരു ഏക രജിസ്‌ട്രേഷൻ നടപടിയിലൂടെ ഒന്നിലധികം വാണിജ്യപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനാകുന്നതാണ്. ദേശീയതലത്തിൽ ഒന്നിലധികം വാണിജ്യപ്രവർത്തനങ്ങൾ, സ്ഥാപനങ്ങൾ എന്നിവ നടത്തുന്നവർക്ക് സിംഗിൾ രജിസ്‌ട്രേഷൻ നേടിക്കൊണ്ട് കൂടുതൽ സുഗമമായി വാണിജ്യ മേഖലയിൽ പ്രവർത്തിക്കാവുന്നതാണ്.

വാണിജ്യ പ്രവർത്തനങ്ങളുടെ വിവരങ്ങൾ വാർഷികാടിസ്ഥാനത്തിൽ പുതുക്കികൊണ്ട് വാണിജ്യഉടമകൾക്ക് തങ്ങളുടെ രജിസ്‌ട്രേഷൻ സാധുത നിലനിർത്താവുന്നതാണ്. ഇത്തരം സ്ഥാപനങ്ങളുടെ പണമിടപാടുകൾക്കായി ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്.