യാത്രാ വിലക്കുകളെ തുടർന്ന് സൗദിയിലേക്ക് പ്രവേശിക്കാൻ കഴിയാതെ വിദേശത്ത് തുടരുന്ന കാലാവധി അവസാനിച്ച റെസിഡൻസി വിസക്കാരുടെ വിസാ കാലാവധി സ്വമേധയാ നീട്ടി നൽകിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിസ കാലാവധി അവസാനിച്ച, സൗദിക്ക് പുറത്തുള്ള വാണിജ്യ തൊഴിലുകളിലുള്ള റെസിഡൻസി വിസക്കാർ, രാജ്യത്തിനകത്തുള്ള കാലാവധി തീർന്ന എൻട്രി/ എക്സിറ്റ് വിസകളിലുള്ളവർ എന്നിവരുടെ രേഖകളുടെ കാലാവധിയാണ് സ്വമേധയാ നീട്ടിനൽകാൻ തീരുമാനിച്ചിട്ടുള്ളത്. ഓഗസ്റ്റ് മാസത്തിൽ കാലാവധി അവസാനിച്ച വിസകൾക്ക് പുതിയ തീരുമാനത്തോടെ സെപ്റ്റംബർ അവസാനം വരെ സൗജന്യമായി സാധുത ലഭിക്കുന്നതാണ്.
നിലവിൽ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ റീ-എൻട്രി വിസ കാലാവധി, നിലവിൽ സൗദിയിലുള്ള രാജ്യം വിട്ടു പോകാൻ കഴിയാതിരുന്നവരുടെ എക്സിറ്റ് വിസ കാലാവധി എന്നിവയാണ് സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുള്ളത്. പ്രത്യേക അപേക്ഷകൾ കൂടാതെ ഇവയുടെ കാലാവധി നീട്ടുന്നതിനായുള്ള നടപടികൾ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്ന് സംയുക്തമായി ജവാസത്ത് നടപ്പിലാക്കുന്നതാണ്.
ഓഗസ്റ്റ് മാസത്തിനു മുൻപ് കാലാവധി അവസാനിച്ച പ്രവാസി വിസകളുടെയും, റെസിഡൻസി പെർമിറ്റുകളുടെയും കാലാവധി 3 മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനൽകാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം ജൂലൈ 5-നു അറിയിച്ചിരുന്നു.
ഏതാനം ദിവസങ്ങൾക്ക് മുൻപാണ് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) അറിയിപ്പ് പുറത്തിറക്കിയിരുന്നത്. സൗദി അറേബ്യയിൽ നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സർവീസുകൾ പുനരാരംഭിക്കുന്ന തീയ്യതി സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും അധികൃതർ അറിയിച്ചിട്ടില്ല.