സൗദി അറേബ്യ: ഹോട്ടലുകളുടെയും, റിസോർട്ടുകളുടെയും മുനിസിപ്പൽ ഫീസ് ഒഴിവാക്കാൻ തീരുമാനം

featured GCC News

ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ലൈസൻസുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ചുമത്തിയിരുന്ന മുനിസിപ്പൽ സർവീസ് ഫീസ് ഒഴിവാക്കാൻ സൗദി ടൂറിസം മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

2024 സെപ്റ്റംബർ 4-നാണ് സൗദി ടൂറിസം വകുപ്പ് മന്ത്രി ആഹ്മെദ് അൽ ഖത്തീബ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്റുകൾ, റെസിഡൻഷ്യൽ റിസോർട്ടുകൾ തുടങ്ങിയവയുടെ ലൈസൻസ് നേടുന്നതുമായി ബന്ധപ്പെട്ടുള്ള മുനിസിപ്പൽ സർവീസ് ഫീസ് താത്‌കാലികമായി നിർത്തലാക്കുന്നതാണ്.

അനുദിനം വളർച്ച രേഖപ്പെടുത്തുന്ന സൗദി അറേബ്യയിലെ ടൂറിസം മേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് കൊണ്ട് സാമ്പത്തിക വളർച്ച ഉറപ്പ് വരുത്തുന്നതിനാണ് ഈ തീരുമാനം. നിക്ഷേപകർക്ക് പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നതിന് ഈ തീരുമാനം സഹായകമാകുന്നതാണ്.

സൗദി മിനിസ്ട്രി ഓഫ് ടൂറിസം, മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൌസിങ് എന്നിവർ ചേർന്നാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.