COVID-19 പശ്ചാത്തലത്തിലെ യാത്രാ വിലക്കുകൾ മൂലം, വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരാനിടയായ മുഴുവൻ ടൂറിസ്റ്റ് വിസകളുടെയും കാലാവധി 3 മാസത്തേക്ക് കൂടി നീട്ടി നൽകാൻ സൗദി അറേബ്യ തീരുമാനിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സാണ് ഇത് സംബന്ധിച്ച അറിയിപ്പുകൾ നൽകിയത്.
കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായി വിമാന സർവീസുകൾ നിർത്തലാക്കിയ കാലയളവിൽ കാലാവധി അവസാനിച്ച ടൂറിസ്റ്റ് വിസകളാണ് നീട്ടി നൽകുന്നത്. വിസ കാലാവധി നീട്ടിനൽകുന്നതിനുള്ള നടപടികൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് സ്വയമേവ കൈകൊള്ളുന്നതാണെന്നും, ഇതിനായി ടൂറിസ്റ്റ് വിസകളിലുള്ളവർ വിസ കേന്ദ്രങ്ങളിൽ സന്ദർശിക്കേണ്ടതില്ലെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഈ സേവനം സൗജന്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.