രാജ്യത്ത് ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിന് സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (CITC) തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇലക്ട്രോണിക് ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ ഡെലിവറി നടത്തുന്ന ജീവനക്കാർക്ക് CITC-യുടെ കീഴിൽ രജിസ്‌ട്രേഷൻ, മെഡിക്കൽ പരിശോധനയ്ക്ക് ശേഷം നൽകുന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കുന്നതിനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നവംബർ 30 മുതൽ ഇത്തരം ഹെൽത്ത് സർട്ടിഫിക്കറ്റുകൾ ഇല്ലാത്തവരോ, മെഡിക്കൽ പരിശോധനയിൽ പ്രശ്നങ്ങളില്ലായെന്ന് സ്ഥിരീകരിക്കാത്തവരോ ആയ ജീവനക്കാർക്ക് ഡെലിവറി നടത്തുന്നതിന് അനുമതി നൽകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സൗദി ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുള്ള മെഡിക്കൽ കേന്ദ്രങ്ങളിൽ നിന്നാണ് ഇത്തരം ജീവനക്കാർ മെഡിക്കൽ പരിശോധനകൾ നടത്തേണ്ടത്. ജീവനക്കാർക്ക് നിർബന്ധമാക്കിയിട്ടുള്ള ഹെൽത്ത് സർട്ടിഫിക്കറ്റ് നേടുന്നതിൽ വീഴ്ച്ച നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ അടച്ച് പൂട്ടൽ ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
രക്തസമ്മർദം, ത്വക്ക് രോഗങ്ങൾ, നാഡീവ്യൂഹ സംബന്ധിയായ രോഗങ്ങൾ, ലൈംഗികരോഗങ്ങൾ, ക്ഷയരോഗം, കാഴ്ച്ച സംബന്ധമായ പ്രശ്നങ്ങൾ, കേൾവിക്കുറവ് തുടങ്ങിയ പരിശോധനകളാണ് ഈ മെഡിക്കൽ ടെസ്റ്റിന്റെ ഭാഗമായി നടത്തുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ, A1C ടെസ്റ്റ്, ഹെപ്പറ്റൈറ്റിസ് ബി, സി, HIV ടെസ്റ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.