സൗദി അറേബ്യ: കൂടുതൽ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കും

GCC News

രാജ്യത്തെ കൂടുതൽ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. 2025 ജനുവരി 26-നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം 269 തൊഴിൽ പദവികളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

സൗദി ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് മന്ത്രാലയം എന്നിവരുമായി സഹകരിച്ചാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഇത് പ്രകാരം, വരും മാസങ്ങളിൽ 269 തൊഴിൽ പദവികളിലെ സ്വദേശിവത്കരണ നിരക്ക് ഉയർത്താൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

2025 ജൂലൈ 23-ന് പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഫാർമസി തൊഴിലുകളിൽ സ്വദേശിവത്കരണ നിരക്ക് ഉയർത്തുന്നതാണ്. അഞ്ചിൽ കൂടുതൽ പേർ ഫാർമസി തൊഴിലുകളിലിരിക്കുന്ന സ്ഥാപനങ്ങളിൽ താഴെ പറയുന്ന നിരക്കിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്:

  • കമ്യൂണിറ്റി ഫാർമസികൾ, മെഡിക്കൽ കോംപ്ലക്സുകൾ – 35 ശതമാനം.
  • ആശുപത്രികളിലെ ഫാർമസി പ്രവർത്തനങ്ങളിൽ – 65 ശതമാനം.
  • മറ്റ് ഫാർമസി പ്രവർത്തനങ്ങളിൽ – 55 ശതമാനം.

മൂന്നിൽ കൂടുതൽ പേർ ഡന്റൽ തൊഴിലുകളിലിരിക്കുന്ന സ്ഥാപനങ്ങളിൽ താഴെ പറയുന്ന നിരക്കിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്:

  • ആദ്യ ഘട്ടത്തിൽ – 2025 ജൂലൈ 23 മുതൽ 45 ശതമാനം.
  • രണ്ടാം ഘട്ടത്തിൽ – 2026 ജൂലൈ 23 മുതൽ 55 ശതമാനം.

ഡന്റൽ മേഖലയിലെ സ്വദേശികളുടെ ചുരുങ്ങിയ വേതനം 9,000 റിയാലാക്കി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.

അക്കൗണ്ടിംഗ് തൊഴിൽ പദവികളിൽ താഴെ പറയുന്ന പ്രകാരമാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്:

  • 2025 ഒക്ടോബർ 22-ന് ആരംഭിക്കുന്ന രീതിയിൽ അഞ്ച് വർഷങ്ങളിലായി ഇത് നടപ്പിലാക്കുന്നതാണ്.
  • ആദ്യ ഘട്ടത്തിൽ അഞ്ചോ, അതിൽ കൂടുതലോ അക്കൗണ്ടന്റുമാർ ഉള്ള സ്ഥാപനങ്ങളിൽ 40 ശതമാനം സ്വദേശിവത്കരണം.
  • തുടർന്ന് അഞ്ച് വർഷം കൊണ്ട് പടിപടിയായി സ്വദേശിവത്കരണ നിരക്ക് 70 ശതമാനമാക്കി ഉയർത്തുന്നതാണ്.

ടെക്നിക്കൽ എഞ്ചിനീയറിങ് തൊഴിൽ പദവികളിൽ താഴെ പറയുന്ന പ്രകാരമാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്:

  • 2025 ജൂലൈ 23-ന് ആരംഭിക്കുന്ന രീതിയിൽ അഞ്ചോ, അതിൽ കൂടുതലോ ഈ തൊഴിൽ പദവികളുള്ള സ്ഥാപനങ്ങളിൽ 30 ശതമാനം സ്വദേശിവത്കരണം.