അടുത്ത ഏതാനം ദിവസങ്ങൾക്കുള്ളിൽ ഖത്തറിലെ സൗദി എംബസി പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അറിയിച്ചു. ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ സൗദി അറേബ്യ, യു എ ഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ സൗദിയിലെ അൽ ഉലയിൽ വെച്ച് ജനുവരി അഞ്ചിന് നടന്ന ജി സി സി ഉച്ചകോടിയിൽ കരാറിലേർപ്പെട്ടിരുന്നു.
ഈ കരാറിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര സേവനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായിട്ടുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതോടെ എംബസി പ്രവർത്തനമാരംഭിക്കുമെന്നും, ഈ പ്രക്രിയകൾ പൂർത്തിയാക്കുന്നതിനുള്ള സ്വാഭാവിക കാലതാമസം മാത്രമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി വിദേശകാര്യ മന്ത്രിയും, ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ അൽ സഫാദിയും തമ്മിൽ റിയാദിൽ വെച്ച് നടന്ന ചർച്ചകൾക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
“ഏതാനം പ്രക്രിയകൾ പൂർത്തിയാക്കാനെടുക്കുന്ന സ്വാഭാവിക കാലതാമസം മാത്രമാണ് നിലവിലുള്ളത്. അടുത്ത ഏതാനം ദിവസങ്ങൾക്കുള്ളിൽ തന്നെ ഖത്തറുമായി പൂർണ്ണമായ രൂപത്തിലുള്ള നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതാണ്.”, ഖത്തറിലെ എംബസി തുറക്കുന്നത് സംബന്ധിച്ച പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഫൈസൽ ബിൻ ഫർഹാൻ പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ നിലവിൽ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുകയും, കരമാർഗ്ഗമുള്ള അതിർത്തി തുറന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്.