സൗദി: വിനോദ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനം; പ്രവേശനം COVID-19 വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം

GCC News

രാജ്യത്തെ വിനോദ മേഖലയിലെ പ്രവർത്തനങ്ങൾ, വിനോദപരിപാടികൾ എന്നിവ COVID-19 വാക്സിൻ സ്വീകരിച്ചവരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) അറിയിച്ചു. ഇത്തരം പരിപാടികൾ നടക്കുന്ന വേദികളിലേക്ക് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന രീതിയിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

https://twitter.com/GEA_SA/status/1397905877252853763

വിനോദ പരിപാടികൾ, കലാമേളകൾ മുതലായവ സംഘടിപ്പിക്കുന്നവരോട് രാജ്യത്തെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും GEA ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം മേളകൾ സംഘടിപ്പിക്കുന്നവരും, ഇവയിൽ പങ്കെടുക്കുന്നവരും മുഴുവൻ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതാണ്.

ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് വേദികളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി ‘Tawakkalna’ ആപ്പിലൂടെ തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കാവുന്നതാണ്. തുറന്ന ഇടങ്ങളിൽ നടത്തുന്ന വിനോദ പരിപാടികൾ പരമാവധി ശേഷിയുടെ 40 ശതമാനം പങ്കാളിത്തത്തോടെ നടത്തുന്നതിനാണ് GEA ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം, സാനിറ്റൈസറുകളുടെ ഉപയോഗം തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങൾ ഇത്തരം വേദികളിൽ ഉറപ്പാക്കേണ്ടതാണ്.

ഇതിന് പുറമെ ഇത്തരം പരിപാടികളുടെ ടിക്കറ്റുകളുടെ വില്പന ഓൺലൈൻ സംവിധാനങ്ങളിലൂടെ മാത്രമാക്കുന്നതിനും GEA നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം വേദികളിലേക്ക് പ്രവേശിക്കുന്നതിനും, പുറത്ത് പോകുന്നതിനും പ്രത്യേക കവാടങ്ങൾ ഉറപ്പാക്കേണ്ടതാണ്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവരുടെയും, ജീവനക്കാരുടെയും ശരീരോഷ്മാവ് പരിശോധിച്ച് രേഖപ്പെടുത്തുന്നതിനായി പ്രവേശനകവാടത്തിൽ പ്രത്യേക സംവിധാനം ഉറപ്പാക്കേണ്ടതാണ്. ഉയർന്ന ശരീരോഷമാവ് പ്രകടമാക്കുന്നവർ, രോഗലക്ഷണങ്ങളുള്ളവർ മുതലായവരെ വേദികളിലേക്ക് പ്രവേശിപ്പിക്കരുത്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരുടെ വിവരങ്ങൾ സംഘാടകർ ഉടൻ തന്നെ അധികൃതരെ അറിയിക്കേണ്ടതാണ്.

Photo: Saudi Press Agency – A File photo of a Classic cars exhibition in Riyadh from 2019.