മെയ് 28, വ്യാഴാഴ്ച്ച മുതൽ സൗദി അറേബ്യയിൽ നിലവിലുള്ള COVID-19 നിയന്ത്രണങ്ങളിൽ പടിപടിയായുള്ള ഇളവുകൾ നൽകുന്നതിന് തീരുമാനിച്ചു. ഘട്ടം ഘട്ടമായി രാജ്യത്തെ പൊതുജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ ഇളവുകൾ നൽകുന്നതിനുള്ള തീരുമാനം. കർഫ്യു സമയം വെട്ടിച്ചുരുക്കുന്നതിനും, തൊഴിലിടങ്ങളിൽ പ്രവർത്തനങ്ങൾ അനുവദിക്കുന്നതിനും, ആഭ്യന്തര വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനും ഉൾപ്പടെയുള്ള തീരുമാനങ്ങൾ ഇതിന്റെ ഭാഗമായി കൈക്കൊണ്ടതായാണ് സർക്കാർ പത്ര ഏജൻസിയിൽ നിന്ന് ലഭ്യമാകുന്ന വിവരം. ഇന്നലെ മുതൽ ഇത് സംബന്ധിച്ച വിവരങ്ങൾ സൗദിയിൽ നിന്ന് വന്നുതുടങ്ങിയിരുന്നെങ്കിലും മെയ് 26, ചൊവ്വാഴ്ച്ച പുലർച്ചെയാണ് ഇളവുകളെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്.
ഇതിന്റെ ആദ്യ ഘട്ടത്തിൽ മെയ് 28, വ്യാഴാഴ്ച്ച മുതൽ മെയ് 31 ഞായറാഴ്ച്ച വരെ മക്കയിലൊഴികെ സൗദിയിലുടനീളം നിലവിലുള്ള സമ്പൂർണ്ണ കർഫ്യു വൈകീട്ട് 3 മുതൽ രാവിലെ 6 വരെയാക്കി ചുരുക്കും. മെയ് 31 മുതൽ, കർഫ്യു നിയന്ത്രണങ്ങൾ രാത്രി 8 മുതൽ രാവിലെ 6 വരെയാക്കി പുനർക്രമീകരിക്കും. മക്കയിലൊഴികെ മറ്റ് മേഖലകളിലെല്ലാം പട്ടണങ്ങൾക്കകത്തും, പുറത്തേക്കും സ്വകാര്യ വാഹനങ്ങളിൽ കർഫ്യു സമയങ്ങളിൽ ഒഴികെ സഞ്ചരിക്കുന്നതിനു അനുമതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ജൂൺ 21, മുതൽ രാജ്യത്തെ എല്ലാ കർഫ്യു നിയന്ത്രണങ്ങളും ഒഴിവാക്കാനും, മക്കയിലുൾപ്പടെ പള്ളികളിൽ പ്രാർത്ഥനകൾക്ക് അനുമതി നൽകാനും തീരുമാനിച്ചതായും അധികൃതർ വ്യക്തമാക്കി. മക്കയിൽ ജൂൺ 21 വരെ സമ്പൂർണ്ണ കർഫ്യു തുടരും.
നിലവിൽ പ്രവർത്തനാനുമതി നൽകിയിട്ടുള്ള മേഖലകൾ കൂടാതെ, ഈ കാലയളവിൽ രാജ്യവ്യാപകമായി കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്നതിനും ധാരണയായിട്ടുണ്ട്. ചില്ലറവില്പനശാലകൾ, മൊത്തക്കച്ചവടസ്ഥാപനങ്ങൾ, മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങൾ മുതലായവ ഇതിന്റെ ഭാഗമായി തുറന്ന് പ്രവർത്തിക്കും. എന്നാൽ സമൂഹ അകലം ഉറപ്പാക്കാനാകാത്ത ബ്യുട്ടിപാർലർ, ബാർബർ ഷോപ്പ്, ഹെൽത്ത് ക്ലബുകൾ, സിനിമാശാലകൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
മെയ് 31 മുതൽ മക്കയിലൊഴികെ രാജ്യവ്യാപകമായി പള്ളികൾ തുറക്കാനും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് പ്രാർത്ഥനകൾ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ മേഖലയിലും, സർക്കാർ മേഖലയിലും ഉള്ള സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് പ്രവേശിക്കുന്നതിനും, തൊഴിലെടുക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ മെയ് 31 മുതൽ നീക്കാനും ധാരണയായിട്ടുണ്ട്. ആഭ്യന്തര വിമാനസർവീസുകൾ അനുവദിക്കാനും തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. ഇളവുകളുടെ രണ്ടാം ഘട്ടത്തിൽ, മെയ് 31-നു ശേഷം സൗദിയിൽ സ്വകാര്യ വാഹനങ്ങളിലൊഴികെയുള്ള ആഭ്യന്തര യാത്രകൾ അനുവദിക്കുന്നതിനായുള്ള നടപടികൾ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് ഏർപ്പെടുത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ഈ ഘട്ടത്തിൽ വാണിജ്യ മേഖലയിൽ കൂടുതൽ ഇളവുകൾ നൽകിയതായും അധികൃതർ അറിയിച്ചു. റെസ്റ്ററന്റുകളിലും, കഫെകളിലും ഭക്ഷണം വിളമ്പുന്നതിനുള്ള അനുവാദം നൽകും. എന്നാൽ പൊതുഇടങ്ങളിലെല്ലാം സമൂഹ അകലം ഉറപ്പാക്കിക്കൊണ്ട് മാത്രമേ എല്ലാ പ്രവർത്തനങ്ങളും അനുവദിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. ചടങ്ങുകളിലെ നിയന്ത്രണങ്ങൾക്കും ഇളവുകൾ നൽകും. വിവാഹം, മരണം മുതലായ ചടങ്ങുകൾക്ക് 50 പേർക്ക് വരെ ഒത്തു ചേരുന്നതിനു അനുവാദം നൽകാനും അധികൃതർ ആലോചിക്കുന്നുണ്ട്. മെയ് 31 മുതൽ രാജ്യത്ത്, മക്കയിലൊഴികെ, ജീവിത സാഹചര്യങ്ങൾ കർഫ്യു നിയന്ത്രങ്ങൾ കൊണ്ടുവരുന്നതിന് മുൻപേയുള്ള അവസ്ഥയിലേക്ക് ഏറെക്കുറെ കൊണ്ടുവരുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
നിയന്ത്രണങ്ങൾക്ക് ഇളവുകൾ ഉണ്ടാകുമെങ്കിലും, സൗദിയിൽ രാജ്യവ്യാപകമായി പൊതുജനങ്ങൾ മാസ്കുകൾ, സമൂഹ അകലം, അണുനശീകരണം, ശുചിത്വം മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കർഫ്യു സമയങ്ങളിൽ അടിയന്തിര യാത്രാനുമതികൾക്കായി ജനങ്ങൾക്ക് ഓൺലൈനായോ, ആപ്പ് വഴിയോ ലഭിക്കുന്ന ഇ-പെർമിറ്റോ, അല്ലെങ്കിൽ കടലാസിൽ ലഭ്യമാകുന്ന അപേക്ഷയോ ഉപയോഗിക്കാം. അന്താരാഷ്ട്ര വിമാന സർവീസുകൾക്കും, തീർത്ഥാടകർക്കും ഉള്ള നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഈ ഇളവുകളെല്ല്ലാം ആരോഗ്യ മന്ത്രാലയം തുടർച്ചയായി അവലോകനം ചെയ്യുമെന്നും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച്ച മുതൽ രാജ്യം COVID-19 സാഹചര്യത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നാണ് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ഇതിനെ കുറിച്ച് പറഞ്ഞത്. പടിപടിയായി രാജ്യത്തെ പൊതുജീവിതം സാധാരണ നിലയിലേക്ക് തിരികെയെത്തിക്കുന്ന പ്രവർത്തനം ആരംഭിക്കുകയാണെന്നും, ഇത് വിജയകരമാകണമെങ്കിൽ പൊതുസമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളും, സുരക്ഷാ നിർദ്ദേശങ്ങളുടെ കർശനമായ പാലനവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.