രാജ്യത്തെ പ്രവാസികളോട് തങ്ങളുടെ റെസിഡൻസി പെർമിറ്റുകൾ കൃത്യസമയത്ത് പുതുക്കാൻ സൗദി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്ട്സ് നിർദ്ദേശം നൽകി. കാലാവധി അവസാനിച്ച റെസിഡൻസി രേഖകൾ ഉപയോഗിക്കുന്നവർക്ക് നേരിടേണ്ടി വന്നേക്കാവുന്ന നിയമസംബന്ധമായ നടപടികളെക്കുറിച്ചും അധികൃതർ മുന്നറിയിപ്പ് നൽകി.
നിയമ നടപടികൾ, പിഴ മുതലായവ ഒഴിവാക്കുന്നതിനായി റെസിഡൻസി പെർമിറ്റുകളുടെ കാലാവധി അവസാനിക്കുന്നതിന് മൂന്ന് ദിവസം മുൻപെങ്കിലും അവ പുതുക്കേണ്ടതാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്ട്സ് പ്രവാസികളെ ഓർമ്മപ്പെടുത്തി. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷർ സംവിധാനം, അല്ലെങ്കിൽ ഇലക്ട്രോണിക് പോർട്ടൽ സംവിധാനം എന്നിവയിലൂടെ റെസിഡൻസി പെർമിറ്റുകളുടെ സാധുത പരിശോധിക്കുന്നതിനും, ഇവ പുതുക്കുന്നതിനും ആവശ്യമായ സേവനങ്ങൾ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
ഇത്തരം രേഖകൾ കൃത്യമായി പുതുക്കാത്തവർക്ക് 500 റിയാൽ പിഴ ചുമത്താവുന്നതാണ്. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴയും, മൂന്നാമതും ആവർത്തിക്കുന്നവർക്ക് നാട്കടത്തൽ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.