മൂന്ന് മാസത്തെ കാലയളവിലേക്ക് പുതിയ റെസിഡൻസി, വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും, ഇവ പുതുക്കുന്നതിനും അവസരം നൽകുന്ന തീരുമാനത്തിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതോടെ ഏതാനം മേഖലകളിലൊഴികെ, റെസിഡൻസി പെർമിറ്റുകളും, വർക്ക് പെർമിറ്റുകളും ഏറ്റവും ചുരുങ്ങിയത് മൂന്ന് മാസത്തെ കാലയളവിലേക്ക് നേടുന്നതിനും, പുതുക്കുന്നതിനും അനുമതി ലഭിക്കുന്നതാണ്. ജനുവരി 26, ചൊവ്വാഴ്ച്ചയാണ് സൗദി ക്യാബിനറ്റ് ഇത് സംബന്ധിച്ച തീരുമാനത്തിലെത്തിയത്. നേരത്തെ, ഏറ്റവും ചുരുങ്ങിയത് ഒരു വർഷത്തേക്കായിരുന്നു ഇത്തരം പെർമിറ്റുകൾ അനുവദിച്ചിരുന്നത്.
ഇത്തരം പെർമിറ്റുകളുടെ ഫീസ്, പുതുക്കുന്ന കാലാവധി അനുസരിച്ച് അടയ്ക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നതാണ്. മൂന്ന് മാസത്തേക്ക് ഇത്തരം പെർമിറ്റുകൾ പുതുക്കുന്ന അവസരത്തിൽ, മൂന്ന് മാസത്തേക്കുള്ള ഫീസ് മാത്രം അടച്ചാൽ മതിയെന്ന സൗകര്യം ഈ തീരുമാനത്തിന്റെ ഭാഗമായി ലഭിക്കുന്നതാണ്.
ഗാർഹിക മേഖലയിലെ തൊഴിലുകളിൽ ഈ തീരുമാനം ബാധകമല്ല. ക്യാബിനറ്റ് തീരുമാനപ്രകാരം, ഇത്തരം തൊഴിലുകളിൽ മൂന്ന് മാസത്തേക്ക് പെർമിറ്റുകൾ നേടുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല.