മഴ സാധ്യത: നവംബർ 30 വരെ ജാഗ്രത പുലർത്താൻ സൗദി സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ 2022 നനവംബർ 29, 30 ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം നവംബർ 26-ന് അറിയിച്ചിരുന്നു. ശക്തമായ ഇടിയോട് കൂടിയ മഴ, വെള്ളത്തിന്റെ കുത്തൊഴുക്ക് എന്നിവയ്ക്കുള്ള സാധ്യത മുൻനിർത്തി അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും, കാലാവസ്ഥാ അറിയിപ്പുകൾ പിന്തുടരാനും സിവിൽ ഡിഫൻസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മക്ക, മദീന, തബൂക്, ഹൈൽ, അൽ ജൗഫ്, നോർത്തേൺ ബോർഡർ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. കിഴക്കന്‍ പ്രവിശ്യ, അൽ ഖാസിം, റിയാദ്, അസിർ, ജസാൻ, അൽ ബാഹ മുതലായ ഇടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ സിവിൽ ഡിഫൻസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീര്‍ച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: Saudi Press Agency.