2022 ജനുവരി 9, ഞായറാഴ്ച്ച മുതൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കാലാവസ്ഥ രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നും, ഇതിനെത്തുടർന്ന് ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും സൗദി സിവിൽ ഡിഫെൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജനുവരി 8-നാണ് സൗദി സിവിൽ ഡിഫെൻസ് ഈ മുന്നറിയിപ്പ് നൽകിയത്.
സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ജനുവരി 9 മുതൽ ജനുവരി 11 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മക്ക, റിയാദ്, അസിർ, ഹൈൽ, തബൂക്, അൽ ബാഹ തുടങ്ങിയ മേഖലകളിൽ ഇടിയും, മിന്നലോടും കൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നും, ശക്തമായ മഴ ലഭിക്കാമെന്നും സൗദി സിവിൽ ഡിഫെൻസ് കൂട്ടിച്ചേർത്തു.
ഈ പ്രദേശങ്ങളിൽ മഴയ്‌ക്കൊപ്പം, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും, പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മദീന, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ തീക്ഷ്ണത കുറഞ്ഞ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വെള്ളപൊക്കം ഉണ്ടാകാനിടയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ ജനങ്ങളോട് സിവിൽ ഡിഫെൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം വിവിധ മാധ്യമങ്ങളിലൂടെ സിവിൽ ഡിഫെൻസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.