സൗദി അറേബ്യ: നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്നവർ പാലിക്കേണ്ട സുരക്ഷാ മുൻകരുതൽ നടപടികൾ

GCC News

രാജ്യത്തെ പൊതുഇടങ്ങളിലെയും, വീടുകളിലെയും നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു. 2025 മാർച്ച് 31-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വീടുകളിലും, പൊതുഇടങ്ങളിലും നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്ന പൗരന്മാരും, പ്രവാസികളും അതീവ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്. നീന്തൽക്കുളങ്ങൾക്കരികിൽ കുട്ടികൾ, നീന്തൽ അറിയാത്ത വ്യക്തികൾ തുടങ്ങിയവർക്ക് ഉണ്ടാകാനിടയുള്ള അപകടങ്ങൾ തടയുന്നതിനുള്ള സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന സുരക്ഷാ നടപടികൾ സ്വീകരിക്കാൻ സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്:

  • കുട്ടികളെ മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രം നീന്തൽക്കുളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കേണ്ടതാണ്.
  • നീന്തൽകുളങ്ങൾക്ക് ചുറ്റും സുരക്ഷിതമായ വേലികൾ നിർമ്മിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
  • നീന്തൽക്കുളങ്ങൾക്ക് ചുറ്റുമുള്ള തറയിൽ വഴുക്കൽ ഉണ്ടാകാനിടയില്ലാത്ത പ്രതലങ്ങൾ ഒരുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
  • നീന്തൽക്കുളങ്ങളിൽ ലൈഫ് റിങ് പോലുള്ള മതിയായ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
  • നീന്തൽക്കുളങ്ങളിലേക്ക് സുരക്ഷിതമായി ഇറങ്ങുന്നതിനും, കയറുന്നതിനുമായി അവയുടെ വശങ്ങളിൽ ഏണിപ്പടികൾ ഏർപ്പെടുത്തേണ്ടതാണ്.
  • നീന്തൽക്കുളങ്ങളിലേക്ക് വ്യക്തികൾ, മറ്റു വസ്തുക്കൾ എന്നിവ വീഴുന്നത് കണ്ടെത്തുന്നതിനുള്ള സുരക്ഷാ അലാറം സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് നല്ലതാണ്.