സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നവർക്ക് ബാധകമാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ GACA പ്രഖ്യാപിച്ചു

featured GCC News

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിപ്പ് നൽകി. 2022 ജൂൺ 2-നാണ് GACA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൗദി അറേബ്യയിൽ സർവീസ് നടത്തുന്ന മുഴുവൻ വിമാനകമ്പനികൾക്കുമായി വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് ബാധകമാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ വ്യക്തമാക്കിക്കൊണ്ട് GACA ഒരു പ്രത്യേക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഈ വിജ്ഞാപന പ്രകാരം 2022-ലെ ഹജ്ജ് തീർത്ഥാടനത്തിനായി സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാണ്:

  • 65 വയസിന് താഴെ പ്രായമുള്ള തീർത്ഥാടകർക്ക് മാത്രമാണ് ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി നൽകിയിട്ടുള്ളത്.
  • ഇവർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ ആവശ്യമായ ഡോസുകൾ നിർബന്ധമായും എടുത്തിരിക്കണം.
  • സൗദിയിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ തീർത്ഥാടകരും, യാത്ര തുടങ്ങുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള നെഗറ്റീവ് PCR റിസൾട്ട് ഹാജരാക്കേണ്ടതാണ്.

ചാർട്ടർ വിമാനങ്ങളുൾപ്പടെ മുഴുവൻ വിമാനങ്ങൾക്കും മേൽപ്പറഞ്ഞ നിബന്ധനകൾ ബാധകമാണ്. ഈ തീരുമാനത്തിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Cover Image: Saudi Press Agency (File photo of Pilgrims arriving at King Abdulaziz Airport, during 2021 Hajj Season.)