ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ള സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) മുന്നറിയിപ്പ് നൽകി. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരും, സാധുതയുള്ള റെസിഡൻസി പെർമിറ്റുകളുള്ളവരുമായ പ്രവാസികൾക്ക് നിബന്ധനകളോടെ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ സൗദി വിദേശകാര്യ മന്ത്രാലയം ഓഗസ്റ്റ് 24-ന് തീരുമാനിച്ചിരുന്നു.
സൗദിയിൽ നിന്ന് പ്രവർത്തിക്കുന്ന എല്ലാ വിമാനകമ്പനികൾക്കും GACA ഇത് സംബന്ധിച്ച അറിയിപ്പ് ഔദ്യോഗിക വിജ്ഞാപനത്തിലൂടെ നൽകിയിട്ടുണ്ട്. ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, സൗത്ത് ആഫ്രിക്ക, യു എ ഇ, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഏതാനം വിഭാഗം പ്രവാസികൾക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചതായും GACA ഈ വിജ്ഞാപനത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
സൗദിയിൽ നിന്ന് COVID-19 വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകളിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയിട്ടുള്ള റെസിഡൻസി വിസക്കാർക്കാണ് ഇപ്രകാരം യാത്രാ അനുമതി നൽകിയിരിക്കുന്നത്. ഈ വിഭാഗം പ്രവാസികൾക്ക് മാത്രമാണ് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന ഈ 13 രാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശനം അനുവദിക്കുന്നതെന്ന് GACA ഈ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള എല്ലാ യാത്രാ നിബന്ധനകളും, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് മാത്രമാണ് ഇവർക്ക് നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാനാകുക എന്നും GACA കൂട്ടിച്ചേർത്തു. ഈ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ സൗദി സർക്കാർ ഉത്തരവുകളുടെ ലംഘനമായി കണക്കാക്കുമെന്നും, ഇത്തരം വീഴ്ച്ചകൾ വരുത്തുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും GACA മുന്നറിയിപ്പ് നൽകി.