സൗദി: അന്താരാഷ്ട്ര വിമാനസർവീസുകൾ സംബന്ധിച്ച് ഓൺലൈനിൽ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് GACA

GCC News

സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ ഒക്ടോബർ മുതൽ പുനരാരംഭിക്കുന്നു എന്ന തരത്തിൽ ഓൺലൈനിലൂടെ പ്രചരിക്കുന്ന വിജ്ഞാപനം അടിസ്ഥാനരഹിതമായതും, കെട്ടിച്ചമച്ചതാണെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വ്യക്തമാക്കി. അന്താരാഷ്ട്ര വിമാനസർവീസുകൾ ആരഭിക്കുന്നത് സംബന്ധിച്ച് GACA ഔദ്യോഗികമായി ഇതുവരെ അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ലെങ്കിലും, ഒക്ടോബർ മുതൽ ഇത്തരം സർവീസുകൾ പുനരാരംഭിക്കുന്നു എന്ന തരത്തിലുള്ള അറിയിപ്പുകൾ കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഒക്ടോബർ വരെ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവെച്ചതായും, അതിനു ശേഷം ഇവ ആരംഭിക്കുമെന്നും അറിയിക്കുന്ന വിജ്ഞാപനത്തിന്റെ രൂപത്തിലുള്ള സന്ദേശങ്ങളാണ് ഓൺലൈനിലൂടെ പ്രചരിച്ചിരുന്നത്.

COVID-19 പശ്ചാത്തലത്തിൽ, മാർച്ച് പകുതി മുതൽ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ജൂൺ മാസം മുതൽ സൗദിയിലെ ആഭ്യന്തര വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരുന്നു. ആഭ്യന്തര വ്യോമയാന സർവീസുകൾ പുനരാരംഭിച്ചതോടെ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകളെ കുറിച്ചുള്ള ഊഹാപോഹങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നു എന്ന തരത്തിൽ പ്രചരിച്ചിരുന്ന വാർത്തകളോട് പ്രതികരിച്ച് കൊണ്ട്, രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് GACA ജൂലൈ 22-നും അറിയിപ്പ് നൽകിയിരുന്നു.