സൗദി: ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

featured GCC News

ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ അനധികൃതമായി പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. 2025 ഏപ്രിൽ 9-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഹജ്ജ് മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത, വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളുടെ കെണിയിൽ പെടരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഹജ്ജ് സേവനങ്ങളെക്കുറിച്ചുള്ള വാഗ്ദാനങ്ങളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താനും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും, വെബ്സൈറ്റുകളിലും കാണുന്ന ഹജ്ജ് സേവനദാതാക്കളുടെ പരസ്യങ്ങൾ കണ്ണടച്ച് വിശ്വസിക്കരുതെന്നും, ഇത്തരത്തിൽ പരസ്യം നൽകുന്ന ഭൂരിഭാഗം സ്ഥാപനങ്ങളും മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ ഇത്തരം പരസ്യങ്ങൾ നൽകുന്നതാണെന്നും, ഇവരുടെ തട്ടിപ്പിന് ഇരയാകരുതെന്നും രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ ഹജ്ജ് തീർത്ഥാടകർക്കും ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന സാധുതയുള്ള ഹജ്ജ് വിസ നിർബന്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം വിസകൾ നുസൂക് ഹജ്ജ് സംവിധാനത്തിലൂടെയോ, എൺപതിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഹജ്ജ് അഫയേഴ്‌സ് ഓഫീസുകളിലൂടെയോ നേടാവുന്നതാണ്.

ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് പാക്കേജുകൾ നുസൂക് ആപ്പ്, അല്ലെങ്കിൽ നുസൂക് സംവിധാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിൽ നിന്ന് ലഭ്യമാണ്. തീർത്ഥാടകർക്കായി പ്രവർത്തിക്കുന്ന ‘ഗസ്റ്റ്സ് ഓഫ് ഗോഡ് കെയർ സെന്റർ’ സംവിധാനവുമായി താഴെ പറയുന്ന രീതികളിൽ ബന്ധപ്പെടാവുന്നതാണ്:

  • സൗദി അറേബ്യയിൽ നിന്ന് 1966 എന്ന നമ്പറിൽ.
  • വിദേശത്ത് നിന്ന് +966920002814 എന്ന നമ്പറിൽ.
  • ഇമെയിൽ – care@haj.gov.sa