സൗദി: ഹറമൈൻ റെയിൽവേ സേവനങ്ങൾ മാർച്ച് 31 മുതൽ ആരംഭിക്കും; റമദാനിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും

featured GCC News

സൗദി അറേബ്യയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ 2021 മാർച്ച് 31, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കും. പ്രതിദിനം 24 മുതൽ 30 വരെ സർവീസുകൾ നടത്തുന്ന രീതിയിലാണ് ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സേവനങ്ങൾ പുനരാരംഭിക്കുന്നത്. റമദാനിൽ പ്രതിദിന സർവീസുകളുടെ എണ്ണം 40 മുതൽ 54 വരെയാക്കി ഉയർത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് 2020 മാർച്ച് മുതൽ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. മക്ക-മദീന ഹൈ-സ്പീഡ് റെയിൽ‌വേ എന്ന് അറിയപ്പെടുന്ന ഈ റെയിൽവേ സർവീസ് 453 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ ഇന്റർ-സിറ്റി റെയിൽ‌ ഗതാഗത സംവിധാനമാണ്.

മക്ക, കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവിടങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. കർശനമായ COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ നടത്തുന്നതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്രികർക്ക് കയറുന്നതിനും, ഇറങ്ങുന്നതിനുമായി പ്രത്യേക വാതിലുകൾ അടയാളപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ ട്രയിനിൽ യാത്രചെയ്യുന്നവരുടെ ശരീരോഷമാവ് പരിശോധിക്കുന്നതാണ്. ഇവർക്ക് ട്രെയിനിൽ കയറുന്നതിന് അനുമതി നൽകുന്നതിന് മുൻപായി ‘Tawakkalna’ ആപ്പിലെ ആരോഗ്യ സ്ഥിതി സംബന്ധമായ വിവരങ്ങൾ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സമൂഹ അകലം ഉറപ്പാക്കി കൊണ്ടായിരിക്കും ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ഇതിനായി ഒരു ട്രിപ്പിൽ പരമാവധി 200 യാത്രികരെയാണ് അനുവദിക്കുന്നത്. പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മക്ക മുതൽ മദീന വരെയുള്ള മുഴുവൻ റെയിൽ പാതയിലും യാത്രികർക്ക് ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി ഹറമൈൻ വൈസ് പ്രസിഡന്റ് എഞ്ചിനീയർ റയാൻ അൽ ഹർബി നേരത്തെ വ്യക്തമാക്കിയിരുന്നു.